Saturday, March 14, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.51 PM

നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ മുന്നൂറിലധികം ഒട്ടകപക്ഷികളെ കൊന്നൊടുക്കി കാനഡ

ostrich, culling, canada

നീണ്ട നിയമപോരാട്ടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കാനഡയില്‍ മുന്നൂറിലധികം ഒട്ടകപക്ഷികളെ വെടിവച്ചു കൊന്നു. ഇവയെ കൊല്ലരുതെന്ന യുഎസ് ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട് എഫ്. കെന്നഡി ജൂനിയറിന്റെയും ന്യൂയോര്‍ക്ക് ശതകോടീശ്വരന്‍ ജോണ്‍ കാറ്റ്‌സിമറ്റിഡിസിന്റെയും അഭ്യര്‍ഥനകള്‍ കാറ്റില്‍ പറത്തിയാണു നടപടി. ഗവേഷണ ആവശ്യങ്ങള്‍ക്കായി 330 ഭീമന്‍ പക്ഷികളെ വിട്ടുനല്‍കണമെന്നായിരുന്നു യുഎസിന്റെ ആവശ്യം. ബ്രിട്ടിഷ് കൊളംബിയയിലെ എഡ്ജ്‌വുഡിലുള്ള യൂണിവേഴ്‌സല്‍ ഓസ്ട്രിച്ച് ഫാമിലാണു സംഭവം. പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ഒട്ടകപക്ഷിക്കൂട്ടത്തെ കൊല്ലാനുള്ള ഫെഡറല്‍ ഉത്തരവ് തടയാന്‍ കനേഡിയന്‍ സുപ്രീം കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.

കഴിഞ്ഞ ശൈത്യകാലത്ത് ഫാമില്‍ പക്ഷിപ്പനി ബാധിച്ച് 69 ഒട്ടകപ്പക്ഷികള്‍ ചത്തതിനെത്തുടര്‍ന്നാണ് രോഗവ്യാപനം തടയാന്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി (സിഎഫ്‌ഐഎ) ഇവയെ കൊല്ലാന്‍ ഉത്തരവിട്ടത്. എന്നാല്‍, കൂട്ടത്തിലെ ബാക്കിയുള്ള പക്ഷികള്‍ക്കെല്ലാം പൂര്‍ണ ആരോഗ്യമുണ്ടായിരുന്നുവെന്ന് ഫാം വക്താവ് അവകാശപ്പെട്ടു. പക്ഷികള്‍ക്ക് ആരോഗ്യമുണ്ടെന്നും വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷിയെക്കുറിച്ചുള്ള ഗവേഷണത്തിന് ഇവയെ ഉപയോഗിക്കാമെന്നും വാദിച്ച് കെന്നഡിയും കാറ്റ്‌സിമറ്റിഡിസും ആഴ്ചകളായി കനേഡിയന്‍ സര്‍ക്കാരിനോട് നടപടി നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ഥിച്ചുവരികയായിരുന്നു.

ഒട്ടകപ്പക്ഷികള്‍ക്ക് 50 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. എച്ച്5എന്‍1 വൈറസുമായി ബന്ധപ്പെട്ട പ്രതിരോധശേഷിയുടെ ദീര്‍ഘായുസ്സിനെക്കുറിച്ച് ഭാവിയില്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ ഇവയിലെ ഗവേഷണം അനുവദിക്കുമായിരുന്നെന്നാണു പക്ഷിസ്‌നേഹികളുടെ വാദം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സിഎഫ്‌ഐഎയുടെ നടപടി. ട്രക്കുകളിലും എസ്‌യുവികളിലുമേറി ഫാമിലേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ഉപകരണങ്ങളുമായി പക്ഷികളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തേക്ക് നീങ്ങുമ്പോള്‍, പുറത്ത് തടിച്ചുകൂടിയവര്‍ പക്ഷികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മിനിറ്റുകള്‍ക്കകം ഫാമില്‍ വെടിയൊച്ചകള്‍ മുഴങ്ങുകയായിരുന്നു.

Ads by Google
Tuesday 11 Nov 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW