-->
നമ്മുടെ സൗരയൂഥത്തിലൂടെ അതി വേഗതയില്‍ പാഞ്ഞു പോകുന്ന ഒരു നിഗൂഢ വസ്തു ശാസ്ത്രജ്ഞരെയും നിരീക്ഷകരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 3I/ATLAS എന്ന് പേരിട്ടിരിക്കുന്ന ഇത്, 2017ല്‍ ഔമുവാമുവയ്ക്കും 2019ല്‍ ബോറിസോവിനും ശേഷം അറിയപ്പെടുന്ന മൂന്നാമത്തെ ഇന്റര്‍സ്‌റ്റെല്ലാര്‍ സന്ദര്‍ശകനാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളില്‍ ഏറ്റവും പുതിയ ചര്‍ച്ച എന്തെന്നാല്‍ അമ്പരപ്പിക്കുന്ന വേഗതയില്‍ ആ വസ്തു സൂര്യനിലേക്ക് സഞ്ചരിക്കുകയാണത്രേ. 3I/ ATLAS സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞര്‍, ഇപ്പോള്‍ ആ വസ്തുവിന്റെ വേഗത കൂടിയതും നിറത്തില്‍ മാറ്റങ്ങളുണ്ടായതും കണ്ടെത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 29 ന്, ഒരു വാല്‍നക്ഷത്രം പോലെകാണപ്പെട്ട ഈ വസ്തു പെട്ടെന്ന് പ്രകാശിക്കുകയും സൂര്യനോട് അടുക്കുന്തോറും നീല നിറമായി മാറുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. മണിക്കൂറില്‍ 2,44,600 കിലോമീറ്ററോളം ഉയര്‍ന്ന വേഗതയിലാണ് ആ വസ്തുവിന്റെ സഞ്ചാരം എന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 3I/ ATLAS ന്ഏകദേശം 24 കിലോമീറ്റര്‍ വ്യാസമുണ്ട്. ഇത് അമേരിക്കയിലെ മാന്‍ഹാട്ടന്‍ എന്ന നഗരത്തെക്കാള്‍ വലുപ്പമുള്ളതാണ്. ഇതിന് 7 ബില്യണ്‍ വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ ഭൂമിയോട് 269 ദശലക്ഷം കിലോമീറ്റര്‍ അകലെ ഇത് എത്തുമെന്നും ഭൂമിക്ക് ഒരു ഭീഷണിയുമില്ലെന്നുമാണ് നാസ പുറത്തു വിട്ട വിവരങ്ങള്‍.
വസ്തുവിന്റെ ചലനത്തില്‍ വേഗത ഉണ്ടെന്ന് കണ്ടെത്തിയത് എങ്ങനെ ആണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്. സൂര്യന്റെ ഗുരുത്വാകര്‍ഷണബലത്തിനപ്പുറം മറ്റൊരു ത്വരണം അഥവാ ആക്‌സിലറേഷന്‍ ഈ വസ്തുവിന് ലഭിക്കുന്നുണ്ട് എന്നാണ് നാസ പറയുന്നത്. വാതകവും മറ്റു പൊടിപടലങ്ങളും ഈ വസ്തു ബഹിരാകാശത്തേക്ക് പുറം തള്ളുമ്പോള്‍ ഇങ്ങനെ സംഭവിച്ചേക്കാം. വസ്തുവിന്റെ നിറം മാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും നാസ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. സൂര്യനോട് അടുക്കുന്തോറും വസ്തുവിന്റെ നിറം നീലയായിക്കൊണ്ടിരിക്കും ഏറ്റവും ഒടുവില്‍ ശാസ്ത്രജ്ഞര്‍ മനസിലാക്കിയത്. സൗരോര്‍ജ്ജ ചൂടിനോടുള്ള പ്രതികരണമാന് ആ നിറം മാറ്റാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മിക്ക ശാസ്ത്രജ്ഞരും 3I/ ATLAS നെ ഒരു അന്യഗ്രഹ വാല്‍നക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. ചിലര്‍ UFO യുമായും മറ്റു ചിലര്‍ ഡാര്‍ക്ക് ഫോറസ്റ്റ് സിദ്ധാന്തവുമായുമൊക്കെ ആയാണ് ഈ വസ്തുവിനെ ബന്ധിപ്പിക്കുന്നത്. ഐസ്, പാറ, പൊടി എന്നിവയുടെ ഒരു ഖര ന്യൂക്ലിയസ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് 3I/ ATLAS എന്നാണ് അനുമാനം.