Friday, March 13, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 12.51 PM

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ഡിസംബര്‍ 9,11 തീയതികളില്‍ രണ്ടുഘട്ടമായി നടക്കും, 13 ന് ​വോട്ടെണ്ണല്‍

uploads/news/2025/11/810082/election-11.gif

തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 9 നും 11 നും രണ്ടു ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലേക്ക് ഡിസംബര്‍ 9 നും തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള വോട്ടെടുപ്പ് ഡിസംബര്‍ 11 നും നടക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം ഡിസംബര്‍ 13 ന് നടക്കും. പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെടുപ്പ് ദിവസം രാവിലെ 7 മണിമുതല്‍ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ്. നോമിനേഷന്‍ വെള്ളിയാഴ്ച മുതല്‍ 21 വരെ നല്‍കാനാകും. പത്രിക പിന്‍വലിക്കാനുള്ള കാലാവധി നവംബര്‍ 24 ആണ്.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി സെപ്തംബറിലാണ് അവസാനിക്കുന്നത്. അതുകൊണ്ട് അതൊഴികെയുള്ള എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനായി 1,80,000 ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം രണ്ടരലക്ഷം പേരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയേഗിക്കും. മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണ്.

1199 തദ്ദേശ സ്ഥാപനങ്ങളില്‍ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 14 ന് പുറത്തിറക്കും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 33,746 പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. 2,84,30,761 വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കും. 1,50,18, 010 സ്ത്രീ വോട്ടര്‍മാരും 1,34,12,476 പുരുഷ വോട്ടര്‍മാരുമുണ്ട്. 2841 പ്രവാസി വോട്ടര്‍മാരും 281 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.

വ്യാജവാര്‍ത്തകള്‍ തടയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്നതും വോട്ടെണ്ണല്‍ നടക്കുന്നതുമായ ദിവസങ്ങളില്‍ 48 മണിക്കൂര്‍ മുമ്പ് മദ്യനിരോധനം ഏര്‍പ്പെടുത്തും. രാത്രി 10 മണിക്കും പുലര്‍ച്ചെ ആറ് മണിക്കും ഇടയില്‍ ഉച്ചഭാഷിണി നിരോധിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ പതിച്ച എസ്എസ് എല്‍സി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ് എന്നിവയെല്ലാം വോട്ടു ചെയ്യുന്നതിന് ഹാജരാക്കാനാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW