Saturday, March 14, 2026 Last Updated 26 Min 45 Sec ago English Edition
Todays E paper
Ads by Google
വിനോദ്‌ താമരശേരി
Thursday 12 Mar 2026 11.32 PM

എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ മത്സരിക്കണോ? തീരുമാനം നീളുന്നു, തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം വരുന്നതിനുമുമ്പ്‌ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നു സിപിഎം

എലത്തൂരില്‍ വീണ്ടും ശശീന്ദ്രന്‍ മത്സരിക്കേണ്ടെന്നു കോഴിക്കോട്‌ ജില്ലാ നേതൃയോഗം തീരുമാനിക്കുകയും ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദിനെ പകരം സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു
uploads/news/2026/03/829892/A.K.-Saseendran.jpg

കോഴിക്കോട്‌: മന്ത്രി എ.കെ. ശശീന്ദ്രന്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനമാകാതെ നീളുന്നു. വിഷയമിപ്പോള്‍ എന്‍.സി.പി (എസ്‌.പി) കേന്ദ്രനേതൃത്വത്തിനു വിട്ടിരിക്കുകയാണ്‌. അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും വ്യക്‌തതയില്ല. ശശീന്ദ്രന്‍ ഇനിയും മത്സരിക്കേണ്ടതില്ലെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

എലത്തൂരില്‍ വീണ്ടും ശശീന്ദ്രന്‍ മത്സരിക്കേണ്ടെന്നു കോഴിക്കോട്‌ ജില്ലാ നേതൃയോഗം തീരുമാനിക്കുകയും ജില്ലാ പ്രസിഡന്റ്‌ മുക്കം മുഹമ്മദിനെ പകരം സ്‌ഥാനാര്‍ഥിയാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. വോട്ടര്‍മാര്‍ പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നു പറഞ്ഞ്‌ ശശീന്ദ്രന്‍ ഇതു തള്ളി. പാര്‍ട്ടി സംസ്‌ഥാനക്കമ്മിറ്റി യോഗവും വിഷയത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു. സീറ്റിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ശശീന്ദ്രന്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു. മാറിനില്‍ക്കണമെന്നു പി.സി. ചാക്കോ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. ഇത്തവണ ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്കു മത്സരിക്കാന്‍ വഴിയൊരുക്കണമെന്നാണ്‌ പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കള്‍ ആവശ്യപ്പെടുന്നത്‌. എന്നാല്‍ ഇതിനദ്ദേഹം തയ്യാറാകുന്നില്ലെന്ന്‌ കോഴിക്കോട്‌ ജില്ലാ നേതാക്കള്‍ പറയുന്നു.

എലത്തൂരില്‍ ശശീന്ദ്രനെതിരേ ശക്‌തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണ അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ്‌ എതിര്‍ക്കുന്നവരുടെ പക്ഷം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തും മണ്ഡലത്തില്‍ ശശീന്ദ്രന്‍ വേണ്ടെന്ന്‌ ജില്ലാനേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം തന്നെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി.

സി.പി.എമ്മിനു വലിയ സ്വാധീനമുള്ള നിയോജകമണ്ഡലമാണ്‌് എലത്തൂര്‍. എന്‍.സി.പിക്കു താരതമ്യേന ശക്‌തിയില്ലാത്ത മണ്ഡലത്തില്‍ സി.പി.എമ്മാണ്‌ ശശീന്ദ്രനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുന്നത്‌. അതേസമയം എലത്തൂര്‍ സീറ്റ്‌ ഘടകകക്ഷിയില്‍നിന്നു സി.പി.എം ഏറ്റെടുക്കണമെന്ന അഭിപ്രായവും പ്രാദേശിക തലത്തിലുണ്ട്‌. മണ്ഡലം നിലവില്‍വന്ന 2011 മുതല്‍ ഇതുവരെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിച്ചത്‌ എ.കെ.ശശീന്ദ്രന്‍ തന്നെയാണ്‌. 2011 ല്‍ 14,654 ഉം 2016 ല്‍ 28,937 ഉം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ശശീന്ദ്രന്‍ 2021 ല്‍ 38,502 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്‌.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എലത്തൂരില്‍ എല്‍.ഡി.എഫ്‌ വോട്ടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ നേരിയ ലീഡ്‌ നേടിയ മണ്ഡലമാണ്‌ എലത്തൂര്‍. തദ്ദേശ തെരഞ്ഞെടുപ്പിലും ചെറിയ തിരിച്ചടികളുണ്ടായെങ്കിലും എല്‍.ഡി.എഫിനു വലിയ ക്ഷതം ഇവിടെ സംഭവിച്ചിട്ടില്ല. പക്ഷേ ശശീന്ദ്രന്‍ വീണ്ടും മത്സരിച്ചാല്‍ മണ്ഡലം നഷ്‌ടമാകാന്‍ സാധ്യതയേറെയാണെന്നാണ്‌ എന്‍.സി.പി (എസ്‌.പി) ജില്ലാ നേതൃത്വമുള്‍പ്പെടെ പറയുന്നത്‌. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിക്കാത്ത രീതിയില്‍ പരിഹരിക്കണമെന്നാണ്‌ എല്‍.ഡി.എഫ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം വരുന്നതിനുമുമ്പ്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും മുന്നണി നിര്‍ദേശിച്ചിട്ടുണ്ട്‌.

വിനോദ്‌ താമരശേരി

Ads by Google
Ads by Google
LATEST NEWS
TRENDING NOW