-->
തൃശൂര്‍: സി.പി.ഐ. വിട്ട് നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന്‍ എം.എല്‍.എയെ റാഞ്ചാന്‍ ചരടുവലിച്ച് ബി.ജെ.പി. നേതൃത്വം. മേഖലയില്‍ ശക്‌തനായൊരു നേതാവില്ലെന്ന കുറവ് മുകുന്ദനിലൂടെ പരിഹരിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം. മാത്രമല്ല, മുന്‍ ഇടത് എം.എല്‍.എ.മാരായ എസ്. രാജേന്ദ്രനും കെ. അജിത്തിനും ശേഷം മറ്റൊരു ദളിത് നേതാവായ മുകുന്ദനും ഒപ്പം ചേര്‍ന്നാല്‍ അത് നല്‍കുന്ന സന്ദേശം വലുതാണെന്ന് ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു.
നാട്ടിക സിറ്റിങ് എം.എല്‍.എയായ മുകുന്ദന് സി.പി.ഐ. നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതിന് മുമ്പുതന്നെ മുകുന്ദന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ട് പിന്തുണ തേടിയിരുന്നു. നാട്ടിക സംവരണ മണ്ഡലമായശേഷം ഇതുവരെ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മുകുന്ദനെ പിന്തുണച്ച് സീറ്റ് പിടിച്ചെടുക്കാമെന്ന നിലപാടിലാണ് സംസ്‌ഥാന നേതൃത്വമെങ്കിലും പ്രാദേശിക തലത്തിന്റെ ശക്‌തമായ എതിര്‍പ്പ് മൂലം തീരുമാനം നീളുകയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള കരുനീക്കമാണ് ബി.ജെ.പി. നടത്തുന്നത്.
മുകുന്ദന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ സി.പി.ഐ. വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും ഇത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നുമാണ് ജില്ലാ നേതൃത്വത്തിലടക്കമുള്ള പൊതുവികാരം. അതേസമയം, മുകുന്ദനെ ചേര്‍ത്ത് നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തെ ബി.ജെ.പി. ഒപ്പം ചേര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ പങ്ക് വയ്‌ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ദേശീയ നേതൃത്വം പരിഗണിച്ച് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ജില്ലാ, സംസ്‌ഥാന നേതൃത്വം എത്താനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ മികച്ച വിജയം നേടിയ മുകുന്ദന്‍ കുറച്ചുകാലമായി ജില്ലാ നേതൃത്വത്തിന് അനഭിമതനാണ്. എം.എല്‍.എ. എന്ന നിലയില്‍ പാര്‍ട്ടി നിയോഗിച്ച സെക്രട്ടറി ലെറ്റര്‍പാഡും ഒപ്പും ദുരുപയോഗം ചെയ്‌തുവെന്ന പരാതി മുകുന്ദന്‍ ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ കൈവിട്ടത്. പിന്നാലെ മുകുന്ദനെ പാര്‍ട്ടി ജില്ലാ ഘടകത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആ ഘട്ടത്തില്‍ തന്നെ വീണ്ടും മത്സരിക്കാന്‍ മുകുന്ദന് സീറ്റ് നല്‍കില്ലെന്നു സൂചനകളുണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതിനൊപ്പം രണ്ടുതവണ മത്സരിച്ച ഗീതാ ഗോപിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനവും മുകുന്ദനെ ചൊടിപ്പിച്ചു.
നാട്ടികയിലേത് പേമെന്റ് സീറ്റാണെന്നും കാശ് പാര്‍ട്ടിക്ക് പിരിച്ചുനല്‍കാന്‍ തനിക്ക് ഗീതാ ഗോപിയുടെ അത്രയും കഴിവില്ലെന്നുമായിരുന്നു മുകുന്ദന്റെ ആരോപണം. പരസ്യ നിലപാടുമായി രംഗത്തുവന്ന മുകുന്ദന്‍, പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍നിന്ന് രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ചേര്‍ന്ന സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗം മുകുന്ദനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിക മണ്ഡലം കമ്മിറ്റി ചേര്‍ന്ന് മുകുന്ദന്റെ പുറത്താക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നാല്‍ സുനില്‍ ലാലൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയാകുമെന്നാണു സൂചന. സി.കെ. വിനോദിന്റെ പേരും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. നേതാക്കള്‍ മുകുന്ദനുമായി ബന്ധപ്പെട്ട് ആശയവിനിമയം സജീവമാക്കിയത്. മുകുന്ദന്‍ പച്ചക്കൊടി കാട്ടിയാല്‍ ഒപ്പം ചേര്‍ക്കാനും നാട്ടികയില്‍ സീറ്റ് നല്‍കാനും ബി.ജെ.പി. തയാറായേക്കും. എം.എല്‍.എ. സ്‌ഥാനത്ത് ഒറ്റ ടേം പൂര്‍ത്തിയാക്കി രാഷ്‌ട്രീയ വനവാസത്തില്‍ പ്രവേശിക്കാന്‍ മുകുന്ദനും താല്‍പര്യമില്ല. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് തീരുമാനം ആശ്രയിച്ചായിരിക്കും ബി.ജെ.പിയോടുള്ള സമീപനം മുകുന്ദന്‍ വ്യക്‌തമാക്കുക.
ജിനേഷ് പൂനത്ത്