-->
റെനോ 15 സീരീസ് (OPPO Reno15 series) അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിയ്ക്കുകയാണ് ഓപ്പോ. ആദ്യം ചൈനയിലും തുടര്‍ന്ന് ഇന്ത്യയിലും പുതിയ റെനോ 15 സീരീസ് അവതരിപ്പിക്കപ്പെടും. റെനോ 15 സീരീസിന്റെ ചൈനീസ് ലോഞ്ച് ഈ നവംബര്‍ 17ന് ഉണ്ടായിരിയ്ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പോയുടെ പുതിയ റെനോ 15 സീരീസില്‍ മൂന്ന് മോഡലുകളാണ് അവതരിപ്പിക്കപ്പെടുക. അതില്‍ സ്റ്റാന്റേര്‍ഡ് ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ എന്നിവയ്ക്ക് പുറമേ റെനോ 15 മിനി എന്നൊരു മോഡലും ഉണ്ടാകും. ഓപ്പോയുടെ ആദ്യ കോംപാക്ട് സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയുമായാകും റെനോ 15 മിനി എത്തുകയെന്നാണ് വിവരം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം റെനോ 15 മോഡല്‍ എത്തുക കഴിഞ്ഞ വര്‍ഷത്തെ റെനോ 14 പ്രോ മോഡലിന്റെ കരുത്തായിരുന്ന മീഡിയടെക് ഡിമെന്‍സിറ്റി 8450 ചിപ്‌സെറ്റ് സഹിതമാകും. അതേപോലെ റെനോ 15 പ്രോ, മിനി മോഡലുകള്‍ ഒരേ ചിപ്‌സെറ്റിലാകും എത്തുക, പക്ഷേ പ്രോ വേരിയന്റില്‍ 16GB റാം ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഓപ്പോ റെനോ സീരീസ് മോഡലുകളില്‍ ശ്രദ്ധാകേന്ദ്രമാകാറുള്ളത് അതിലെ ക്യാമറകളാണ്. റെനോ 15 പ്രോ, റെനോ 15 മിനി മോഡലുകള്‍ ഒരേ ക്യാമറ സജ്ജീകരണത്തോടെയാണ് അവതരിപ്പിക്കപ്പെടുക എന്ന് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടാതെ OIS ഉള്ള 200MP സാംസങ് HP5 സെന്‍സര്‍, 50MP അള്‍ട്രാ-വൈഡ് ലെന്‍സ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മോഡലില്‍ 50MP ഫ്രണ്ട് ക്യാമറ ഉണ്ടായിരുന്നു. പക്ഷേ പുതിയ മോഡലുകളില്‍ 32MP ഫ്രണ്ട് ക്യാമറയാണ് ഓപ്പോ നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. ബാറ്ററി ശേഷിയുടെ കാര്യമെടുത്താല്‍,റെനോ 15 പ്രോയ്ക്ക് 6,300mAh ബാറ്ററിയാണ് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്, അതേസമയം സ്റ്റാന്‍ഡേര്‍ഡ്, മിനി വേരിയന്റുകളുടെ ബാറ്ററി ശേഷി അജ്ഞാതമായി തുടരുന്നു. 80W വയര്‍ഡ്, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണകളോടെയാകും പ്രോ മോഡല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 16-ല്‍ ആയിരിക്കും റെനോ 15 സീരീസ് എത്തുക.