-->
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ പലരും ഇവിടുത്തെ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ജര്‍മന്‍ വ്‌ളോഗറായ അലക്‌സ് വെല്‍ഡര്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇന്‍സ്റ്റഗ്രാമിലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടം എന്ന തലക്കെട്ടിലാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ദക്ഷിണ ഗോവ സന്ദര്‍ശിച്ച വെല്‍ഡര്‍, പ്രദേശത്തെ വൃത്തിയെയും ഭംഗിയെയും വാനോളം പുകഴ്ത്തുന്നത് വീഡിയോയിലുണ്ട്. പ്രദേശത്തെ കുറിച്ച് പലരും ധരിച്ചുവച്ചിരിക്കുന്ന രീതിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടമെന്ന് വെല്‍ഡര്‍ പറയുന്നു.
'ഇന്ത്യയിലെത്തിയിട്ട് ഏറ്റവും വൃത്തിയുള്ള ഇടമായി തോന്നിയത് ഇവിടെയാണ്. പാര്‍ട്ടി ഹോട്ട്‌സ്‌പോര്‍ട്ടാണ് ഗോവയെന്നാണ് ചിന്തിച്ചത്. നിറയെ സഞ്ചാരികളും അതുപോലെ മാലിന്യങ്ങളും കാണുമെന്ന് കരുതി. പക്ഷേ അങ്ങനെയല്ല. സൗത്ത് ഗോവയിലെ ബീച്ചിലൂടെ കറങ്ങിനടന്നു, അവിടെയെങ്ങും ഒരു മാലിന്യവുമില്ല. ഇവിടം ആമകള്‍ മുട്ടയിടുന്ന സ്ഥലമാണ്.. വളരെ മനോഹരവുമാണ്' ഗോവ ബീച്ചിലൂടെ നടന്നു കൊണ്ട് വെല്‍ഡര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഗോവയുടെ സൗന്ദര്യവും വൃത്തിയും കണ്ടിട്ട് വെല്‍ഡര്‍ പ്രദേശത്തെ യൂറോപ്പിനോട് ഉപമിക്കുന്നതും വീഡിയോയിലുണ്ട്. 'ഇതൊരു ഉഷ്ണമേഖലാ പ്രദേശമാണെന്ന് പറയില്ല. ഈ മരങ്ങള്‍ നോക്കൂ.. ഞാനൊരു യൂറോപ്യന്‍ രാജ്യത്താണെന്നേ പറയു...' എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ കമന്റില്‍ ഭൂരിഭാഗവും ഗോവയിലെ സൗന്ദര്യത്തെ വര്‍ണിക്കുന്നതും പുകഴ്ത്തുന്നതുമാണ്. ഗോവയിലെ ഏറ്റവും മനോഹരമായിടം ദക്ഷിണ ദിക്കാണ്. വടക്കന്‍ ഭാഗങ്ങളില്‍ സംഭവിച്ചത് പോലുള്ള നശീകരണമൊന്നും അവിടെ ഉണ്ടായിട്ടില്ല. അവ അങ്ങനെ തന്നെ നിലനില്‍ക്കണം എന്നാണ് പ്രാര്‍ഥന, സൗത്ത് ഗോവ തീര്‍ച്ചയായും മനോഹരമാണ്, പ്രദേശവാസിയെന്ന നിലയില്‍ എല്ലാ ദിവസം കടല്‍ത്തീരത്തുള്ള ദിനങ്ങളാണ് എന്നൊക്കെ കമന്റുകള്‍ വരുന്നുണ്ട്.