-->
ഓഫര്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പൊതുവെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ തിരക്ക് നിയണാതീതമായാല്‍ എന്ത് ചെയ്യും. ഏതായാലും അത്തരം ഒരു കാര്യമാണ് അങ്ങ് ലുധിയാനയിലും സംഭവിച്ചിരിക്കുന്നത്. വെറും 13 രൂപയ്ക്ക് ഷര്‍ട്ടുകള്‍ കിട്ടുമെന്നറിഞ്ഞാല്‍ ആരായാലും ഓടിക്കൂടും അല്ലേ? അങ്ങനെ ലുധിയാനയിലെ ഈ കടയിലും 13 രൂപയ്ക്ക് ഷര്‍ട്ടുകള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയും തിരക്കാവുകയും ആകെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തുവത്രെ. അവസാനം കാര്യം കൈവിട്ടുപോകും എന്നായപ്പോള്‍ പോലീസ് വരേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലുധിയാനയിലെ ദുഗ്രി പ്രദേശത്തുള്ള സ്‌റ്റൈല്‍ ഫാഷന്‍ വേള്‍ഡ് എന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിലാണ് 13 രൂപയ്ക്ക് ഷര്‍ട്ടുകള്‍ കിട്ടുമെന്നറിഞ്ഞ് ആളുകള്‍ തടിച്ചുകൂടിയത്. ഒരു യൂട്യൂബര്‍ അപ്‌ലോഡ് ചെയ്ത പ്രൊമോഷണല്‍ വീഡിയോയില്‍ കടയുടെ ഉടമയായ ഇന്ദ്രദീപ് സിംഗ് പറയുന്നത്, ഗുരുനാനാക് ജയന്തി ദിനത്തില്‍ കടയില്‍ നിന്ന് ഡെനിം, ചെക്ക്‌സ്, ഡിസൈനര്‍ പീസുകള്‍ തുടങ്ങി ഏത് ഷര്‍ട്ടും 13 രൂപയ്ക്ക് വാങ്ങാം എന്നാണ്. നല്ല ഷര്‍ട്ടുകളായിരിക്കുമെന്നും കടയുടമ ഉറപ്പ് നല്‍കുന്നുണ്ട്. ഇതുകൂടി ആയതോടെ കടയിലേക്ക് ആളുകള്‍ ഇരച്ചെത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓഫറില്‍ ആകൃഷ്ടരായി നൂറുകണക്കിന് ആളുകളാണ് ചൊവ്വാഴ്ച കടയിലെത്തിയത്. ഇത് സ്ഥലത്ത് ആകെ പ്രശ്‌നമുണ്ടാക്കി. ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ കടയുടമയാവട്ടെ ഓഫര്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ഈ 13 രൂപ എന്ന വില ബാധകമാകൂ എന്നും കടയുടമ പറഞ്ഞു. അതോടെ ആള്‍ക്കൂട്ടത്തിന് ദേഷ്യം വന്നു. അത് വീഡിയോയില്‍ പറഞ്ഞിട്ടില്ല എന്ന് പലരും പറഞ്ഞു. ജനക്കൂട്ടം ഇളകി എന്ന് കണ്ടതോടെ കടയുടമ കട പൂട്ടി പോയി. അതോടെ ആകെ പ്രശ്‌നമായി. അവസാനം പോലീസിനെ വിളിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.