-->
ആമസോണ്‍ പാര്‍ട്ട് ടൈം പ്രമോഷന്‍ വര്‍ക്കിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്താല്‍ വന്‍ ലാഭമുണ്ടാകുമെന്നും ഓണ്‍ലൈന്‍ ജോബ് നല്‍കുന്ന ഏജന്‍സിയാണെന്നും കാണിച്ച് 11ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പന്‍ വീട്ടില്‍ മുഹമ്മദ് മിഥിലാജി (21)നെയാണ് മണ്ണാര്‍ക്കാട്ടുനിന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പാര്‍ട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകള്‍ അയച്ച് വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടില്‍ ഹരീഷ് രവീന്ദ്രനാഥാണ് തട്ടിപ്പിനിരയായത്. ഇയാളില്‍നിന്ന് പതിനൊന്ന് ലക്ഷത്തി എണ്‍പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന് രൂപ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി. തുടര്‍ന്ന് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കിയില്ല. ഹരീഷിന്റെ പരാതിയില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
15 പേരെക്കൊണ്ട് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിച്ച് അതിന്റെ പാസ് ബുക്കുകള്‍, എ ടി എം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാര്‍ഡുകള്‍ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപറ്റി സൈബര്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് വിവരം.