-->
ഒറ്റയ്ക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഗൂഗിള്‍ മാപ്പ് കൈകാര്യം ചെയ്യുക എന്നത്. ഈ പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം എത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെയെന്നല്ലേ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ മാപ്‌സില്‍ ഉടന്‍ തന്നെ ഹാന്‍ഡ്സ്-ഫ്രീ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എഐ പിന്തുണയോടെ എത്തുന്ന പുതിയ ഫീച്ചറുകളുടെ സഹായത്താല്‍ വഴികള്‍ ചോദിക്കാനും, പമ്പുകളും മറ്റും കണ്ടെത്താനും, പാര്‍ക്കിംഗ് ലഭ്യത പരിശോധിക്കാനും, സാധാരണ പോലെ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് യാത്രാ പദ്ധതികള്‍ അപ്ഡേറ്റ് ചെയ്യാനും ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. ഈ വരാനിരിക്കുന്ന ഫീച്ചറുകളുടെ സ്യൂട്ടില്‍ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ എഐ സംയോജനങ്ങളിലൊന്നാണ് മാപ്സ് എന്ന് ഗൂഗിള്‍ പറയുന്നു. വരാന്‍ പോകുന്ന ഗൂഗിള്‍ മാപ്‌സ് അപ്‌ഡേഷനിലെ പ്രധാന ഫീച്ചറുകളിലൊന്ന് ഹാന്‍ഡ്സ്-ഫ്രീ, വോയ്സ്-എനേബിള്‍ഡ് നാവിഗേഷന്‍.
'ദൈനംദിന യാത്രകള്‍ കൂടുതല്‍ മികച്ചതും എളുപ്പവുമാക്കാന്‍ സംഭാഷണാത്മകവും എഐ-പിന്തുണയുള്ള അസിസ്റ്റന്റിനെ സജ്ജമാക്കിയിരിക്കുന്നതുമായ ജെമിനിയുടെ കരുത്തോടെ ഗൂഗിള്‍ മാപ്സ് ഒരു പ്രധാന കുതിച്ചുചാട്ടം നടത്തുന്നു,' - എന്ന് ഗൂഗിള്‍ മാപ്സ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ലളിത രമണി പറഞ്ഞു. ഇന്ത്യയിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വരും ആഴ്ചകളില്‍ ഈ പുതിയ ഗൂഗിള്‍ മാപ്‌സ് അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങും. വോയ്‌സ് കമാന്‍ഡ് നാവിഗേഷനോടൊപ്പം, സര്‍ക്കാര്‍ വകുപ്പുകള്‍ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം റോഡ്-സുരക്ഷാ ഫീച്ചറുകളും പുതിയ ഗൂഗിള്‍ മാപ്പില്‍ ഉണ്ടാകും. ഡല്‍ഹി, മുംബൈ, ബെംഗളൂരു പോലുള്ള പ്രധാന റൂട്ടുകളില്‍ പ്രധാന കാലതാമസങ്ങളെയും തടസ്സങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന പ്രോആക്ടീവ് ട്രാഫിക് അലേര്‍ട്ടുകള്‍ പോലുള്ള സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളായി തിരിച്ചറിഞ്ഞ പ്രദേശങ്ങളിലേക്ക് അടുക്കുമ്പോള്‍ അപകട സാധ്യതയുള്ള ഏരിയ എന്ന മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ ട്രാഫിക് വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വേഗത പരിധികള്‍, ആപ്പിലെ സ്പീഡോമീറ്ററിന് അടുത്തായി ഗൂഗിള്‍ മാപ്സില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ദേശീയ പാതകളിലെ റോഡ് അടയ്ക്കല്‍, അറ്റകുറ്റപ്പണികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുന്നതിന് ഗൂഗിള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (NHAI) സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകളും മാപ്പില്‍ അറിയാം. തുടക്കത്തില്‍ പ്രധാന റോഡുകളിലാകും ഇതില്‍ പല ഫീച്ചറുകളും ലഭ്യമാകുക. ഡല്‍ഹി, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ മെട്രോ യാത്രയുമായി ഗൂഗിള്‍ വാലറ്റ് പിന്തുണ സംയോജിപ്പിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് സ്റ്റേഷനുകളില്‍ വേഗത്തിലുള്ള ആക്സസ്സിനായി മാപ്പില്‍ നേരിട്ട് മെട്രോ ടിക്കറ്റുകള്‍ സേവ് ചെയ്യാന്‍ കഴിയും.