-->
ഈ ലോകത്തിലെ ഓരോ ജീവികള്‍ക്കും പേരുകളുണ്ട്. ഇത്തരത്തില്‍ ജനിതക ശാസ്ത്രത്തിലെ ഏറ്റവും രസകരമായ പേരുകളിലൊന്നാണ് സണ്‍ ഓഫ് സെവന്‍ലെസ് (son of sevenless) അഥവാ SOS. ഒരു ജീനിന് എങ്ങനെ ഈ പേര് കിട്ടി എന്നറിയണമെങ്കില്‍, നമ്മള്‍ ആദ്യം പഴയീച്ചയുടെ കണ്ണിന്റെ കഥയറിയണം. പഴയീച്ചകളുടെ സംയുക്ത നേത്രങ്ങള്‍ അതിസങ്കീര്‍ണ്ണമാണ്. അവയില്‍ ആയിരക്കണക്കിന് കുഞ്ഞന്‍ കണ്ണുകളുണ്ട്. ഓരോ കുഞ്ഞന്‍ കണ്ണിലും പ്രകാശം തിരിച്ചറിയാന്‍ കഴിവുള്ള എട്ട് ഫോട്ടോറിസെപ്റ്റര്‍ കോശങ്ങള്‍ വീതമുണ്ട്. ഗവേഷകര്‍ ഈ കോശങ്ങള്‍ക്ക് R1 മുതല്‍ R8 വരെ നമ്പറിട്ടു. ഇതില്‍ ഞ7 എന്ന് പേരിട്ടിരിക്കുന്ന കോശത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളെ കാണാന്‍ ഈച്ചയെ സഹായിക്കുന്നത് ഈ R7 കോശമാണ്.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍, ചില പഴയീച്ചകള്‍ക്ക് ഈ R7 കോശം ഇല്ലാതെയാവുന്നതായി ഗവേഷകര്‍ കണ്ടെത്തി. അവയ്ക്ക് സ്വാഭാവികമായും അള്‍ട്രാവയലറ്റ് വെളിച്ചം കാണാന്‍ കഴിഞ്ഞില്ല. ഈ പ്രശ്‌നത്തിന് കാരണമായ ജീന്‍ ഏതാണെന്ന് അവര്‍ തിരഞ്ഞു. ഒടുവില്‍ ആ ജീനിനെ കണ്ടെത്തി. അതിന് എന്ത് പേരിടും? വളരെ ലളിതം. R7 കോശം അതായത്, ഏഴ് ഇല്ലാത്ത (seven-less) ഇല്ലാത്ത അവസ്ഥ. അങ്ങനെ ആ ജീനിന് സെവന്‍ലെസ് (sevenless) എന്ന് പേരിട്ടു. ഈ സെവന്‍ലെസ് ജീന്‍ ഒരു പ്രോട്ടീന്‍ നിര്‍മിക്കുന്നുണ്ട്. ഈ പ്രോട്ടീന്‍ R7 കോശത്തിന്റെ മുകളില്‍ ഒരു ആന്റിന പോലെ പ്രവര്‍ത്തിച്ച്, പുറത്തുനിന്നുള്ള സിഗ്‌നലുകള്‍ക്കായി കാത്തിരിക്കും.
സെവന്‍ലെസ് എന്ന ആന്റിനയില്‍ സിഗ്‌നല്‍ കിട്ടിയാല്‍ മാത്രം പോരാ. ആ സന്ദേശം കോശത്തിനുള്ളിലേക്ക്, കൃത്യമായി പറഞ്ഞാല്‍ ന്യൂക്ലിയസിലേക്ക് എത്തണം. എങ്കിലേ R7 കോശം രൂപപ്പെടുകയുള്ളൂ. അപ്പോള്‍, സെവന്‍ലെസ് എന്ന അച്ഛന്‍ കൈമാറുന്ന സന്ദേശം ഉള്ളിലേക്ക് കൊണ്ടുപോകാന്‍ മറ്റാരോ വേണം. ഈ രണ്ടാമനെ കണ്ടെത്താനായി അടുത്ത ഘട്ടം ഗവേഷണം. ഗവേഷകര്‍ സെവന്‍ലെസ് ജീന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഈച്ചകളില്‍ മറ്റ് തകരാറുകള്‍ ഉണ്ടാക്കി നോക്കി. അങ്ങനെ, സെവന്‍ലെസില്‍ നിന്ന് സന്ദേശം സ്വീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കൈമാറുന്ന മറ്റൊരു പ്രധാന ജീനിനെ അവര്‍ കണ്ടെത്തി. ഈ ജീന്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും R7 കോശം ഉണ്ടാകില്ല. ഇനി ഈ പുതിയ ജീനിന് പേരിടണം. ഗവേഷകര്‍ക്ക് അല്പം നര്‍മ്മബോധം കൂടുതലായിരുന്നു. സെവന്‍ലെസ് എന്ന അച്ഛന്‍ ജീനിന്റെ സിഗ്‌നലിനെ ആശ്രയിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഈ പുതിയ ജീനിന് അവര്‍ പേരിട്ടു,സണ്‍ ഓഫ് സെവന്‍ലെസ്. അതായത് സെവന്‍ലെസിന്റെ മകന്‍.