-->
വിദേശ വിനോദ സഞ്ചാരികളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ട് ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍ നേരിട്ട ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ തിരികെ തരാന്‍ ഇന്ത്യന്‍ വനിതകള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
മലയാളിയായ വനിത ബ്രിട്ടിഷ് സഞ്ചാരികളോട് ചോദിച്ചു. അവര്‍ 'ഇംഗ്ലണ്ട്' എന്ന് മറുപടി നല്‍കിയതോടെ മലയാളി വനിത 'ഇംഗ്ലിഷുകാര്‍ ഇന്ത്യയില്‍ ഞങ്ങളെ കൊള്ളയടിച്ചു... നിധി, കുരുമുളക്, എല്ലാം കൊണ്ടുപോയി. നിങ്ങള്‍ ഇവിടെ നിന്ന് കൊള്ളയടിച്ച വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കോഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക' എന്ന് പറയുകയായിരുന്നു. വനിതയുടെ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ടൂറിസ്റ്റുകളിലൊരാള്‍ തമാശരൂപേണ 'നിങ്ങള്‍ എന്റെ പൂര്‍വികരോട് സംസാരിക്കേണ്ടിവരും' എന്ന് പ്രതികരിച്ചു. മറ്റേയാള്‍ 'ഞങ്ങള്‍ ചാള്‍സ് രാജാവിനോട് സംസാരിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യും' എന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, ചോദ്യം ചോദിച്ച വനിതയും ചുറ്റുമുള്ള മറ്റുള്ളവരും ചിരിക്കുകയായിരുന്നു.
സംഭവം തമാശയാണെങ്കിലും ബ്രിട്ടിഷ് സഞ്ചാരികള്‍ ഇന്ത്യാ യാത്രയിലെ 'ഏറ്റവും മോശം നിമിഷങ്ങളിലൊന്ന്' എന്നാണ് ഇതിനെ അടിക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. 'സത്യസന്ധമായി പറഞ്ഞാല്‍ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഏറ്റവും മോശം നിമിഷങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യയില്‍ മുമ്പൊരിടത്തും ഇത്തരമൊരു അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടില്ല, എന്താണ് പറയേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആ കോപം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്കത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുന്തോറും കൊളോണിയലിസത്തിന്റെ നിഴലുകള്‍ ഇപ്പോഴും ആളുകളുടെ മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നുവെന്ന് തിരിച്ചറിയുന്നു' വിനോദസഞ്ചാരി ഇന്റസ്റ്റഗ്രാമില്‍ കുറിച്ചു.