-->
ജലജീവികളിലെ ഏറ്റവും വലിയ അപകടകാരികളില്‍ ഒന്നാണ് 'ഫ്‌ലോട്ടിംഗ് ടെറേഴ്‌സ്' എന്നറിയപ്പെടുന്ന 'പോര്‍ച്ചുഗീസ് മാന്‍ ഓ വാര്‍'. വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഇവ കരയ്ക്കടിഞ്ഞതില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. യുകെയിലെ വെയില്‍സിലെ ബീച്ചിലാണ് ഫ്‌ലോട്ടിംഗ് ടെറേഴ്‌സ് കരയ്ക്കടിഞ്ഞത്. ജെല്ലിഫിഷുകളോട് സാമ്യതയുളള ഫോട്ടിംഗ് ടെറേഴ്‌സ് അതീവ അപകടകാരിയാണ്. മനുഷ്യ ശരീരത്തില്‍ കുമിളകള്‍, പനി, ഷോക്ക്, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വിഷം പുറപ്പെടുവിക്കാന്‍ ഫ്‌ലോട്ടിംഗ് ടെറേഴ്‌സിന് കഴിയും. ഇവയുടെ കുത്തേറ്റാല്‍ മരണം പോലും സംഭവിക്കും.
മാത്രമല്ല ഇവയുടെ വിഷം ഗുരുതരമായ അലര്‍ജികള്‍ക്ക് കാരണമാകുന്നതാണ്. ചത്ത ഫ്‌ലോട്ടിംഗ് ടെറേഴ്‌സിനും വിഷം പുറപ്പെടുവിക്കാന്‍ കഴിയും. അതിനാല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കോസ്റ്റ്ഗാര്‍ഡ് അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കടല്‍ത്തീരത്ത് നിന്ന് അപകടകാരികളായ ജീവികളെ നീക്കം ചെയ്യുമെന്ന് കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് നിര്‍ദ്ദേശിച്ചു. ചത്ത ഫ്‌ലോട്ടിംഗ് ടെറേഴ്‌സിനെ തൊടരുത്, ഇവയുടെ കുത്തേറ്റാല്‍ കടല്‍വെളും ഉപയോഗിച്ച് കഴുകുക, ക്രെഡിറ്റ് കാര്‍ഡോ സമാനമായ വസ്തുവോ ഉപയോഗിച്ച് ടെന്റക്കിളുകള്‍ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക, ഉടന്‍ വൈദ്യസഹായം തേടുക.
ഫ്‌ലോട്ടിംഗ് ടെറേഴ്‌സ് സാധാരണയായി സമുദ്രത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കും. കടല്‍പ്പായലില്‍ കുടുങ്ങുന്നതിലൂടെയാണ് അവ കരയിലേക്ക് എത്തുന്നത്. വിഷം നിറഞ്ഞ നെമറ്റോസിസ്റ്റുകള്‍ ഈ ജീവിയുടെ ശരീരത്തില്‍ നിറഞ്ഞിട്ടുണ്ട്, ഇവയ്ക്ക് ചെറിയ കടല്‍ ജീവികളെ എളുപ്പത്തില്‍ കൊല്ലാന്‍ കഴിയും. നാഷണല്‍ ജിയോഗ്രാഫികിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ജീവിയുടെ കുത്തേറ്റ മനുഷ്യര്‍ക്ക് വേദനാജനകമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്നും മരണത്തിനു വരെ കാരണമാകുകയും ചെയ്യും.