-->
ദൂര യാത്രകള്‍ പോകുന്നവരില്‍ ഭൂരിഭാഗം പേരും എത്ര പണം ചിലവാക്കിയാലും കുഴപ്പമില്ല വൃത്തിയുള്ള മുറി വേണം എന്ന് വാശിയുള്ളവരാണ്. പാകിസ്താനിലേക്കാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ അവിടെ ഒരു ചായ്ക്ക് ചിലവാക്കേണ്ട പണം പോലും വേണ്ടി വരില്ല ഹോട്ടല്‍ മുറിക്കെന്നാണ് ഒരു വ്‌ളോഗര്‍ പറയുന്നത്. അതായത് പാകിസ്താനിലെ പെഷവാറിലുള്ള ഒരു ഹോട്ടലില്‍ ഒരു ദിവസം തങ്ങാന്‍ ഇന്ത്യയിലെ 20 രൂപ മതിയെന്നാണ് അദ്ദേഹം പറയുന്നത്. പാകിസ്ഥാനില്‍ എഴുപത് പാകിസ്താനി രൂപയാണ് ഇതിന്റെ മൂല്യം.
ബ്രിട്ടീഷ് ട്രാവല്‍ വ്‌ളോഗറായ ഡേവിഡ് സിംസണ്ണാണ് ഈ ഹോട്ടല്‍ വാസത്തെ കുറിച്ച് തന്റെ അനുഭവം വീഡിയോയിലൂടെ വിവരിച്ചത്. ഈ അനുഭവം യഥാര്‍ത്ഥമല്ലെന്നു തോന്നിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചെങ്കിലും ഇവിടെയാണ് കൂടുതല്‍ സ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഡേവിഡ് പറയുന്നു. സില്‍ക്ക് റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന വ്യാപാരികള്‍ താമസിച്ചിരുന്ന സത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന കാരവന്‍സേരായിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ട്വിസ്റ്റ് കൂടിയുണ്ട്.
റൂമുകളില്ല, എസിയില്ല, മറ്റ് അലങ്കാരങ്ങളൊന്നുമില്ല ഈ ഹോട്ടലില്‍. അതിഥികള്‍ക്ക് കിടന്നുറങ്ങാന്‍ പാരമ്പര്യ രീതിയിലുള്ള ചെറിയ കട്ടിലുകളുണ്ട്. അതും ഒരു കെട്ടിടത്തിന് മുകളില്‍. മേലോട്ടു നോക്കിയാല്‍ ആകാശവും കാണാം. ഈ ഓപ്പണ്‍ എയര്‍ സെറ്റപ്പില്‍ കഴിയാന്‍ 70 പാകിസ്താനി രൂപയാണ് ആകെ ചിലവ്. വൃത്തിയുള്ള വിരിപ്പ്, ഫാന്‍, എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള ബാത്ത്‌റൂം, നല്ല ചായ ഇതിനൊക്കെ പുറമേ ഹോട്ടലിന്റെ ഉടമയുടെ സ്‌നേഹവും മര്യാദയും നിറഞ്ഞ പെരുമാറ്റത്തെ കുറിച്ചും ഡേവിഡ് വിശദീകരിക്കുന്നു.
ഓണ്‍ലൈനില്‍ ഡേവിഡിന്റെ വീഡിയോ ട്രെന്‍ഡിങ്ങായതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പലരും നല്ലവശത്തെ പുകഴ്ത്തുമ്പോള്‍, മേല്‍കൂരയില്ലാത്ത കൊതുകുകളുടെ വിളനിലമായ ഇടമാണോ ഇത്രയും മികച്ചതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ദയയാണ് മറ്റെന്ത് ആഢംബരത്തെക്കാളും ആവശ്യമെന്നാണ് മറ്റുചിലരുടെ കമന്റ്.