-->
മൂഷികവിഭാഗത്തില്‍പെടുന്ന എലികളും അണ്ണാനുമൊക്കെ നമ്മുക്ക് സുപരിചിതരാണ്. എന്നാല്‍ ഇതേ വിഭാഗത്തില്‍ പെടുന്ന അംഗങ്ങളാണ് ഗുണ്ടി. വടക്കന്‍ ആഫ്രിക്കയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ ഊഷരഭൂമികളിലാണ് ഇവയെ കാണപ്പെടുന്നത്. പരമാവധി കാല്‍മീറ്ററൊക്കെ മാത്രം വലുപ്പവും 200 ഗ്രാം വരെ ഭാരവും മാത്രമാണ് ഇവയ്ക്കുള്ളത്. പതിഞ്ഞ മൂക്കും വലിയ കണ്ണുകളും ചെറിയ ചെവികളും രോമാവൃതമായ വാലുകളുമൊക്കെയുള്ള ഇവയെ കണ്ടാല്‍ ഗിനിപ്പന്നികളോ പൈകകളോ ആണെന്നു തോന്നും. ഇവയുടെ പിന്‍കാല്‍പാദങ്ങളില്‍ ചീര്‍പ്പിലേതു പോലെ പുറത്തേക്കുള്ള നാരുകളും കാണാം. ഇതിനാല്‍ തന്നെ ഇവയെ ചീര്‍പ്പെലികള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്.
ഗുണ്ടികള്‍ പൊതുവെ പാറക്കെട്ടുകളിലെ വിടവുകളും മാളങ്ങളുമാണ് താമസയിടമായി തിരഞ്ഞെടുക്കുന്നത്. ഇവയുടെ വാരിയെല്ലുകള്‍ വളരെ 'ഫ്‌ലെക്‌സിബിള്‍' ആയതിനാല്‍ ഏതു ചെറിയ വിടവിലേക്കും ഇവയ്ക്കു ശരീരം കയറ്റാം. വേട്ടമൃഗങ്ങളില്‍നിന്നു രക്ഷതേടാന്‍ ഇതുവഴി ഇവയ്ക്കു സാധിക്കും. മികച്ച ഒരു അഭിനയക്കാരനും കൂടിയാണ് ഗുണ്ടി. ശത്രുക്കള്‍ അടുത്തെത്തി രക്ഷപ്പെടാന്‍ അവസരമില്ലാതെയായാല്‍ ശരീരം മരവിപ്പിച്ച് ചത്തതുപോലെ കിടക്കാന്‍ ഗുണ്ടിക്ക് അറിയാം. കുറേനേരത്തേക്ക് ശ്വാസം പോലും ഇതു പുറത്തുവിടില്ല. ഗുണ്ടിയുടെ ഈ നാട്യം കണ്ട് വേട്ടമൃഗം ആശയക്കുഴപ്പത്തിലായിപ്പോകും. ഈ സമയംകൊണ്ട് ഗുണ്ടി രക്ഷപ്പെടുകയും ചെയ്യും. ഈ രീതി ജന്തുലോകത്ത് പലരും എടുക്കാറുള്ള അടവാണ്. താനോറ്റോസിസ് എന്നാണ് ഇതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
മരുഭൂമിയിലെ ചെടികളില്‍ നിന്നുള്ള പൂക്കളും കായകളും ഇലകളുമൊക്കെയാണു ഗുണ്ടിയുടെ പ്രധാന ആഹാരം. ഇവ വെള്ളം കുടിക്കാറില്ല. ജലാംശവും ഇവ ഭക്ഷണത്തില്‍നിന്നാണു നേടുന്നത്. ഈയൊരു സവിശേഷത മരുഭൂമിയിലെ ജീവനത്തിന് ഇവയ്ക്കു ശേഷി നല്‍കുന്നു. കോളനികളില്‍ സംഘമായിട്ടാണ് ഇവയുടെ ജീവിതം. നൂറുകണക്കിന് അംഗങ്ങളുണ്ടാകാം ഒരു കോളനിയില്‍. ഓരോ കോളനിയുടെയും അടിസ്ഥാനയൂണിറ്റായി കുടുംബഘടനയുമുണ്ട്. വടക്കേ ആഫ്രിക്കന്‍ മരുഭൂമിയിലെ ഭക്ഷണശൃംഖലയിലെ പ്രധാനപ്പെട്ട അംഗമാണ് ഗുണ്ടി. ഇവയെ നാട്ടുകാര്‍ ഭക്ഷണത്തിനായി ചിലപ്പോഴൊക്കെ വേട്ടയാടാറുണ്ട്.