-->
ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ അഭിമാന നിമിഷം നല്‍കിയാണ് നവി മുംബൈയില്‍ നടന്ന ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഐസിസി വനിതാ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ച് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ ചേസ് ഇന്ത്യ പൂർത്തിയാക്കിയപ്പോള്‍ താരമായി മാറിയത് ഇന്ത്യന്‍ വിജയ ശില്‍പ്പി ജെമീമ റോഡ്രിഗസാണ്. 134 പന്തില്‍ പുറത്താകാതെ ജെമീമ നേടിയ 127 റണ്‍സാണ് ഇന്ത്യയുടെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകം. സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ വണ്‍ ഡൗണയാണ് ജെമിമ ഇറങ്ങിയത്.
ഇപ്പോഴിതാ വിജയം നേടിയ ശേഷം ജെമീമ പങ്കിട്ട ചിത്രങ്ങളും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ കുടുംബവും സുഹൃത്തുക്കളും തന്നെക്കാളേറെ തന്നില്‍ വിശ്വസിച്ചുവെന്നാണ് ജെമീമ അവര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചത്. ‘‘ഞാൻ എന്നെ വിശ്വസിച്ചതിലും അധികം അവർ എന്നെ വിശ്വസിച്ചിട്ടുണ്ട്...എന്റെ ജീവിതത്തിൽ അവരെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്...’’ എന്നാണ് ജെമീമ കുറിച്ചത്.
ജെമീമയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ 48.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജെമീമ റോഡ്രിഗസ് തന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ പുറത്താകാതെ 127 റണ്‍സ് നേടി കളിയിലെ താരമായി. തന്റെ വിജയത്തിന് ദൈവത്തിനോട് നന്ദി പറയുകയും ചെയ്തു ജെമീമ.
‘‘ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താൻ കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞാന്‍ ആദ്യം യേശുവിന് നന്ദി പറയുന്നു...കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. എന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനം...’’ എന്നാണ് മത്സരശേഷം താരം പറഞ്ഞത്.
സെമി ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകള്‍ 49.5 ഓവറില്‍ 338 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വനിതകള്‍ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.