Saturday, March 14, 2026 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 01.22 PM

ദില്ലിയിലെ വായു മലിനീകരണം: കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു

delhi, air, pollution, updates

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരും ദില്ലി സര്‍ക്കാരും ചേര്‍ന്ന് ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയുള്ള മഴ പരീക്ഷണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. തലസ്ഥാനത്ത് കാര്യമായ മഴയൊന്നും രേഖപ്പെടുത്തിയില്ല. മേഘങ്ങളിലെ ഈര്‍പ്പം കുറവായിരുന്നതാണ് ഇതിന് കാരണമായി കാണ്‍പൂര്‍ ഐഐടി ചൂണ്ടി കാണിക്കുന്നത്.

ഐഐടി കാണ്‍പൂര്‍ ഡയറക്ടര്‍ മണീന്ദ്ര അഗര്‍വാളിന്റെ അഭിപ്രായത്തില്‍, പദ്ധതി പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം, മേഘങ്ങളിലെ ഈര്‍പ്പാംശം തീരെ കുറവായിരുന്നു എന്നതാണ്. മേഘങ്ങളിലെ ഈര്‍പ്പാംശം 15-20 ശതമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മഴ ലഭിക്കാനുള്ള സാധ്യത വളരെയധികം കുറച്ചു. കൂടാതെ ഈ പ്രക്രിയ മലിനീകരണ പ്രശ്‌നത്തിന് ഒരു മാന്ത്രിക പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറിച്ച് ഒരു അടിയന്തിര താല്‍ക്കാലികാശ്വാസം മാത്രമാണന്നും മണിന്ദ്ര അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. മലിനീകരണം അതിന്റെ ഉറവിടത്തില്‍ തന്നെ തടയുന്നതിലാണ് യഥാര്‍ത്ഥ പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീണ്ടും സമാനമായ ശ്രമങ്ങള്‍ നടത്തുമെന്നും കൂടുതല്‍ മികച്ച ഫലം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്ലി സര്‍ക്കാരുമായി സഹകരിച്ച് വിമാനങ്ങളില്‍ പറന്ന് കൊണ്ട് ദില്ലിയുടെ പുറം ഭാഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഉപയോഗിച്ച ഫ്‌ളെയറുകളില്‍ 20 ശതമാനം സില്‍വര്‍ അയോഡൈഡും ബാക്കി കല്ലുപ്പും കറിയുപ്പും അടങ്ങിയ മിശ്രിതവുമാണ് ഉണ്ടായിരുന്നതെന്നും മണീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. അനുകൂലമായ മേഘാവസ്ഥയും ഈര്‍പ്പവും ഉണ്ടെങ്കില്‍ ബുധനാഴ്ച രണ്ട് പരീക്ഷണങ്ങള്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW