-->
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. പ്രവാസി സമൂഹത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് അവബോധം വളർത്തുക, രോഗനിർണയത്തിനുശേഷമുള്ള കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഹാർട്ട് ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും മുതിർന്ന ഉദ്യോഗസ്ഥരും ക്യാമ്പിൽ സേവനനിരതരായി. ഹാർട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അൽനിഅമ, ലമാ സുഹ്ദി അബുഖലീൽ, റഗ്ദ ഹമദ്, മുഹമ്മദ് അൽഅസ്മർ, അഹമദ് അൽമാലികി , അബ്ദുറഹ്മാൻ അൽഇമാദി, ഡോ. ഷെയ്ഖ് അഹമദ് അബുൽ മാലി, ഡോ. ബാസിം അൽബിസ്ര, ഡോ. ഉമർ ഇബ്രാഹിം, ഡോ. ഫാദി ഖസാൽ, ഡോ. ഫത്ഹി അഹമദ്, ഡോ. സ്മിത അനിൽകുമാർ എന്നിവർ പങ്കെടുത്തു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കീഴിശ്ശേരി, ബിലാൽ ഹരിപ്പാട് (ജനറൽ സെക്രട്ടറി), നൗഫൽ പാലേരി (കേന്ദ്ര സമിതിയംഗം ), അബ്ദുൾ ജലീൽ എം.എം (മെഡിക്കൽ ക്യാമ്പ് കൺവീനർ) തുടങ്ങിയവർ സംബന്ധിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പൊതുജനാരോഗ്യവും രോഗപ്രതിരോധ അവബോധവും വളർത്തിയെടുക്കുന്നതിൽ ഏറെ ഫലം ചെയ്യുമെന്ന് ഹാർട്ട് ഹോസ്പിറ്റൽ പ്രതിനിധികൾ വ്യക്തമാക്കി.പരിപാടി വിജയകരമാക്കാൻ സജീവമായി പങ്കെടുത്ത എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും വളന്റിയർമാർക്കും സംഘാടകർ നന്ദി പറഞ്ഞു.
ഷഫീക്ക് അറക്കൽ