-->
ജീവിക്കാന്‍ നിര്‍വാഹമില്ലാതെ വരുമ്പോള്‍ മറ്റുള്ളവരോട് യാചിച്ച് കാശ് ഉണ്ടാക്കുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇത്തരത്തില ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ തെരുവുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും കണ്ടെത്തിയത് നൂറും അഞ്ഞൂറും രൂപയൊന്നും ആയിരുന്നില്ല. മറിച്ച് നാണയങ്ങളും നോട്ടുകളുമടക്കം ഒരു ലക്ഷത്തിലധികം രൂപയവയിരുന്നു. 12 വര്‍ഷമായി ശേഖരിച്ച നാണയങ്ങളും നോട്ടുകളും നിറച്ച രണ്ട് വലിയ ബാഗുകളാണ് കണ്ടെത്തിയത്. അതിരാവിലെ തുടങ്ങിയ എണ്ണല്‍ രാത്രി വരെ നീണ്ടുനിന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. ഒരുലക്ഷത്തിലധികം രൂപ രണ്ട് ചാക്കുകളിലായിട്ടുണ്ട് എന്നും പറയുന്നു.
ഒന്നുമില്ലാത്ത ഒരു യാചകയായിട്ടാണ് അവരെ എല്ലാവരും കണ്ടത്. അതിനാല്‍ തന്നെ അവരുടെ പക്കല്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയത് നാട്ടുകാരെയാകെ അമ്പരപ്പിച്ചു. അതേസമയം, സ്ത്രീക്ക് മാനസികാരോഗ്യക്കുറവുള്ളതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ പണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം സ്ത്രീക്ക് ചികിത്സയ്ക്ക് വേണ്ടിയുള്ള ഏര്‍പ്പാടുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അവരെ ചികിത്സയ്ക്ക് വേണ്ടി മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറെക്കാലമായി തനിയെ ജീവിക്കുന്നതിനാല്‍ തന്നെ അതിന്റേതായ ആരോഗ്യപ്രശ്‌നങ്ങളും ഇവര്‍ക്കുണ്ട്.
മംഗളൂര്‍ പോലീസ് സ്‌റ്റേഷനിലെ പത്താന്‍പുര പ്രദേശത്ത് നിന്നും നാട്ടുകാര്‍ സ്ത്രീയെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു വീടിന്റെ മുന്നിലാണ് കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഇവര്‍ യാചിക്കുന്നത്. ഇവിടെ നിന്നും പ്രചരിക്കുന്ന വീഡിയോയില്‍ വീട്ടില്‍ ചാക്കുകളിലും പോലീസ് അടുക്കി വച്ചിരിക്കുന്നതുമായിട്ടുള്ള പണം കാണാം. നാണയങ്ങളും 10 രൂപാ നോട്ടുകളും മുതല്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.