-->
ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലാണ്. ഇപ്പോഴിതാ ഇതിന്റെ കാഠിന്യം തെളിയിക്കുന്ന ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ആശങ്കപ്പെടുത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരാള്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്വാസം കിട്ടാതെ വിഷമിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. ഇത് നഗരത്തിലെ വായുമലിനീകരണം കാരണമാണ് എന്ന ആരോപണമാണ് ഉയരുന്നത്.
ഒക്ടോബര്‍ 22 ന് ചിത്രീകരിക്കുകയും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്ത ദൃശ്യത്തില്‍, ശ്വാസം കിട്ടാതെ സ്‌കൂട്ടര്‍ യാത്രികന്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തുന്നതായി കാണാം. പരിഭ്രാന്തയായ ഭാര്യ അടുത്തുള്ള വഴിയാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ട്. അതേ ദിവസം രാവിലെ, സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആനന്ദ് വിഹാറിലെ എ.ക്യു.ഐ 401 ആണ് രേഖപ്പെടുത്തിയത്. ഇത് 'വളരെ മോശം' അല്ലെങ്കില്‍ 'അതീവ ഗുരുതരം' എന്ന വിഭാഗത്തില്‍ പെടുന്നതാണ്. ഈ നിലയിലുള്ള വായു, താമസക്കാര്‍ക്ക്, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായോ ഹൃദയസംബന്ധമായോ അസുഖങ്ങളുള്ളവര്‍ക്ക് അങ്ങേയറ്റം അനാരോഗ്യകരമാണ്.
ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ വായുമലിനീകരണം ഇത്രയേറെ അപകടകരമായ അവസ്ഥയില്‍ എത്തിയത്. മലിനീകരണം വര്‍ദ്ധിക്കുമ്പോള്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് അപകടസാധ്യതകള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീപാവലി സമയത്ത് ഡല്‍ഹിഎന്‍സിആറില്‍ ഗ്രീന്‍ പടക്കങ്ങള്‍ വില്‍ക്കാനും പൊട്ടിക്കാനും ചില വ്യവസ്ഥകളോടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.