Saturday, March 14, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 10.25 AM

തുണി അലക്കുമ്പോള്‍ പുറത്തുവരുന്നത് ടണ്‍ കണക്കിന് മൈക്രോഫൈബറുകള്‍: ജീവന് ഭീഷണിയെന്ന് ഗവേഷകര്‍

microfiber, pollution, laundry

നാം എല്ലാവരും ദിവസംതോറും തുണി അലക്കുന്നവരാണ്. എന്നാല്‍ ഓരോ തവണ അലക്കുമ്പോഴും വസ്ത്രങ്ങള്‍ ഉണക്കുന്ന ഡ്രയര്‍ മെഷീനുകളില്‍ നിന്നും അന്തരീക്ഷത്തിലേക്ക് വലിയ അളവില്‍ മൈക്രോഫൈബറുകള്‍ എത്തുന്നുവെന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് മൈക്രോഫൈബറുകള്‍ ആണ് പുറത്തെത്തുന്നത്. അമേരിക്കയിലെ ഡെസേര്‍ട്ട് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

കീപ്പ് താഹോ ബ്ലൂ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. സന്നദ്ധപ്രവര്‍ത്തകര്‍ തങ്ങളുടെ ഡ്രയര്‍ വെന്റുകളില്‍ മൂന്നാഴ്ചത്തേക്ക് മെഷ് സ്‌ക്രീനുകള്‍ ഘടിപ്പിച്ചു. ഓരോരുത്തരും ഏത് തരം തുണികളാണ് ഉണക്കിയതെന്ന് ഒരു ഫോണ്‍ ആപ്പ് വഴി രേഖപ്പെടുത്തി. ഉണക്കിയ തുണിത്തരങ്ങളുടെ പട്ടികയില്‍ കോട്ടണും പോളിസ്റ്ററുമാണ് കൂടുതല്‍. ടവ്വലുകളും ബെഡ്ഷീറ്റുകളുമാണ് ഏറ്റവും കൂടുതല്‍ നാരുകള്‍ പുറന്തള്ളിയത്. ഓരോ ഡ്രയര്‍ ലോഡില്‍ നിന്നും ശരാശരി 138 മില്ലിഗ്രാം നാരുകളാണ് മെഷീനുകളില്‍ കുടുങ്ങിയത്. യുഎസില്‍ പ്രതിവര്‍ഷം 3,543 മെട്രിക് ടണ്‍ നാരുകള്‍ അന്തരീക്ഷത്തിലെത്തുന്നതായാണ് കണ്ടെത്തിയത്. ഇതില്‍ ഏകദേശം 2,728 മെട്രിക് ടണ്‍ കോട്ടണ്‍ പോലുള്ള പ്രകൃതിദത്ത നാരുകളില്‍ നിന്നും 460 മെട്രിക് ടണ്‍ സിന്തറ്റിക് നാരുകളില്‍ നിന്നുമാണ്.

കോട്ടണ്‍ നാരുകള്‍ പോളിസ്റ്ററിനേക്കാളും നൈലോണിനേക്കാളും ദുര്‍ബലവും വഴക്കമില്ലാത്തതുമായതിനാല്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നു. നാരുകള്‍ താരതമ്യം ചെയ്തപ്പോള്‍ കോട്ടണ്‍ ആണ് കൂടുതല്‍ നാരുകള്‍ പുറത്തുവിടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു കോട്ടണ്‍ ഷര്‍ട്ടില്‍ നിന്നും പോളിസ്റ്റര്‍ ഷര്‍ട്ടിനേക്കാള്‍ 22 മടങ്ങ് കൂടുതല്‍ നാരുകള്‍ പുറത്തെത്തി. പ്രകൃതിദത്ത നാരുകള്‍ ദോഷകരമല്ലെന്ന് തോന്നാമെങ്കിലും അവയില്‍ പലപ്പോഴും ചായങ്ങളും രാസവസ്തുക്കളുടെ കോട്ടിങ്ങുകളും അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ എളുപ്പത്തില്‍ വിഘടിക്കുന്നില്ല. മാത്രമല്ല ദീര്‍ഘദൂരം സഞ്ചരിച്ച് മണ്ണില്‍ കലരുകയും വായുവിലെ കണങ്ങളുമായി കൂടിച്ചേരുകയും ചെയ്യും.

മെഷീനില്‍ നിന്നും പുറത്തേക്കു വരുന്ന ഈ നാരുകള്‍ വായുവില്‍ ഒഴുകി നടക്കുകയും ഒടുവില്‍ പരിസ്ഥിതിയില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. തുണികള്‍ വായുവില്‍ ഉണക്കിയാല്‍ മൈക്രോഫൈബറുകളുടെ പുറംതള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. മൈക്രോഫൈബറുകള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Ads by Google
Friday 24 Oct 2025 10.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW