Thursday, March 12, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 02.50 PM

റെഡ്മി K90 സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

uploads/news/2025/10/806981/p.jpg

ഷവോമി തങ്ങളുടെ റെഡ്മി K90 സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായി റെഡ്മി K90 പ്രോ മാക്‌സ് (REDMI K90 Pro Max) ഒക്ടോബര്‍ 23ന് ചൈനയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. വാച്ച് 6 (REDMI Watch 6) സ്മാര്‍ട്ട് വാച്ചും ഇതോടൊപ്പം ഒക്ടോബര്‍ 23ന് ലോഞ്ച് ചെയ്യും. ആദ്യമായി റെഡ്മി സ്മാര്‍ട്ട്‌ഫോണില്‍ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം എത്തുന്നു എന്നതും BOSE ബ്രാന്‍ഡിന്റെ റിയര്‍ സ്പീക്കറുകള്‍ ഉണ്ട് എന്നതും റെഡ്മി K90 പ്രോ മാക്‌സിന്റെ പ്രത്യേകതയായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 4,000 യുവാന്‍ (ഏകദേശം 49,410 രൂപ) ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് REDMI മേധാവി ലു വെയ്ബിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ടു-ടോണ്‍ വാര്‍പ്പ്, വെഫ്റ്റ് പ്രോസസ്സ്, മൂന്നാം തലമുറ നാനോ-ലെതര്‍ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മെച്ചപ്പെട്ട പ്രതിരോധം വാഗ്ദാനം ചെയ്യുന്നു. ചില ലീക്ക് റിപ്പോര്‍ട്ടുകള്‍ വരാന്‍ പോകുന്ന ഈ റെഡ്മി ഫോണിനെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്. വെയ്‌ബോ പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റാണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുക. മെച്ചപ്പെട്ട വിഷ്വല്‍ പെര്‍ഫോമന്‍സിനായി ഷവോമിയുടെ പുതിയ ഡി 2 'എഐ ഇന്‍ഡിപെന്‍ഡന്റ് ഡിസ്‌പ്ലേ ചിപ്പ്' ഫീച്ചര്‍ റെഡ്മി K90 പ്രോ മാക്‌സ് മോഡലില്‍ ഉണ്ടാകും. ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതുവരെ ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വേപ്പര്‍ കൂളിംഗ് ചേമ്പറും ഈ ഫോണില്‍ ഉണ്ട് എന്ന് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാമറകളുടെ കാര്യമെടുത്താല്‍, റെഡ്മി K90 പ്രോ മാക്‌സില്‍ 1/1.31 ഇഞ്ച് സെന്‍സറുള്ള മെയിന്‍ ക്യാമറ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

പ്രധാന ക്യാമറയ്ക്ക് പുറമേ 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും 5x ഒപ്റ്റിക്കല്‍ സൂം, 10x 'ലോസ്ലെസ്' സൂം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) എന്നിവ വാഗ്ദാനം ചെയ്യുന്ന റെഡ്മിയുടെ ആദ്യത്തെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും K90 പ്രോ മാക്‌സിന്റെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ ഇടംപിടിക്കും. 6.9 ഇഞ്ച് OLED ഡിസ്‌പ്ലേയാകും ഇതില്‍ ഉണ്ടാകുക. ഫുള്‍ RGB സബ്-പിക്‌സല്‍ ലേഔട്ടും എല്ലാ ബ്രൈറ്റ്‌നെസ് ശ്രേണിയിലും DC ഡിമ്മിങ്ങും റെഡ്മി K90 പ്രോ മാക്‌സ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യും. മെച്ചപ്പെട്ട കാഴ്ചാനുഭവത്തിനായി വൃത്താകൃതിയിലുള്ള പോളറൈസറും ഇതില്‍ ഉണ്ടാകും. സുഖകരമായ ലോ ലൈറ്റ് കാഴ്ചയ്ക്കായി ഇത് 1 നിറ്റ് മിനിമം ബ്രൈറ്റ്‌നെസ് ലെവലിനെ പിന്തുണയ്ക്കുന്നുവെന്ന് കമ്പനി പറയുന്നു. 100W വയര്‍ഡ് ചാര്‍ജിംഗ്, 50W വയര്‍ലെസ് ചാര്‍ജിംഗ്, 22.5W റിവേഴ്സ് വയര്‍ഡ് ചാര്‍ജിംഗ് പിന്തുണകളോടെ 7,560mAh ബാറ്ററിയാകും റെഡ്മി കെ 90 പ്രോ മാക്‌സില്‍ ഉണ്ടായിരിക്കുക എന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Ads by Google
Ads by Google
TRENDING NOW