-->
ധാക്ക: ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട വെസ്റ്റിന്‍ഡീസ് ബംഗ്‌ളാദേശ് മത്സരത്തില്‍ സൂപ്പര്‍ഓവറില്‍ ഒരു റണ്‍സിന് സന്ദര്‍ശകര്‍ ആതിഥേയരെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്‌ളാദേശിനെ 213 റണ്‍സില്‍ കുരുക്കിയ വിന്‍ഡീസ് മറുപടിയും അതേ സ്‌കോറില്‍ അവസാനിച്ചതോടെയാണ് മത്സരത്തില്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നത്. അകേല്‍ ഹൊസൈന്‍ എറിഞ്ഞ ഓവറില്‍ ബംഗ്‌ളാദേശിന് ഒരു റണ്‍സ് പുറകില്‍ വീണുപോയി.
ബംഗ്‌ളാദേശിലെ ധാക്കയില്‍ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കണ്ടത്്. ചരിത്രത്തില്‍ ആദ്യമായി ബംഗ്‌ളാദേശ് ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 50 ഓവറും സ്പിന്നര്‍മാരെ പരീക്ഷിച്ചു എന്ന അപൂര്‍വ്വതയും മത്സരത്തിനുണ്ടായിരുന്നു.
സൂപ്പര്‍ ഓവര്‍ നാടകത്തില്‍ ഭാഗ്യനിര്‍ഭാഗങ്ങള്‍ മാറി മറിയുകയായിരുന്നു. നാലു റണ്‍സ് എക്‌സ്ട്രാ നല്‍കിയിട്ടും വൈഡുകളും നോബോളുകളും ആവശ്യത്തിനുണ്ടായിട്ടും ബംഗ്‌ളാദേശ് ഒരു റണ്‍സിന് വീണു. സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് രണ്ടാം പന്തില്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെ നഷ്ടമായി. നാലാം പന്തില്‍ ബ്രാന്‍ഡന്‍ കിംഗും പുറത്തായി. അവസാന പന്ത് ഒരു ടോപ്പ് എഡ്ജ് എടുത്ത് ബൗണ്ടറിയിലേക്ക് പോയതോടെ ബംഗ്ലാദേശിന് ജയിക്കാന്‍ 11 റണ്‍സ് ലക്ഷ്യമായി.
ആദ്യ പന്ത് തന്നെ അകേല്‍ ഹൊസൈന്‍ ഒരു വൈഡ് ബോളും ഒരു നോ-ബോളും എറിഞ്ഞതോടെ വെസ്റ്റ് ഇന്‍ഡീസിന് വീണ്ടും കളി നഷ്ടമാകുന്ന ഘട്ടത്തിലെത്തി. ബംഗ്ലാദേശിന് ആറ് പന്തുകളില്‍ പിന്നെ വേണ്ടിവന്നത് ഏഴ് റണ്‍സ്. എന്നാല്‍ കളി വീണ്ടും മാറി, സൗമ്യ സര്‍ക്കാര്‍ നാലാം പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശിന് അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന സ്ഥിതിയായി. ഈ സമയത്തും ഹൊസൈന്‍ വീണ്ടും ഒരു വൈഡ് എറിഞ്ഞു. എന്നാല്‍ അവസാന പന്തില്‍ അദ്ദേഹം ശാന്തത പാലിച്ചു, വെസ്റ്റ് ഇന്‍ഡീസ് ആവേശകരമായ വിജയം നേടി. സമനില റണ്‍സ് നേടാന്‍ ബംഗ്‌ളാദേശിന് കഴിയാതെ പോയി.
രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര ഉറപ്പിക്കാമായിരുന്നു, പക്ഷേ ആദ്യം ബാറ്റ് ചെയ്ത അവരെ ചരിത്രത്തില്‍ ആദ്യമായി 50 ഓവറും സ്പിന്നര്‍മാരെ കൊണ്ട് എറിയിച്ച് വിന്‍ഡീസ് ബംഗ്‌ളാദേശിനെ പിടിച്ചു. ബംഗ്ലാദേശ് 200 റണ്‍സ്‌പോലും നേടില്ല എന്ന ഘട്ടത്തില്‍ ബാറ്റ് ചെയ്യാനെത്തിയ റിഷാദ് ഹൊസൈന്‍ 46-ാം ഓവറില്‍ എല്ലാ ശക്തികളും പുറത്തെടുത്തു, 14 പന്തില്‍ 39 റണ്‍സ് നേടി. നേരമത്ത ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന്റെ (45)യും നായകന്‍ മെഹിദി ഹസന്‍ മിറാസി (32) ന്റെയും 23 റണ്‍സ് എടുത്ത നുറുല്‍ ഹസന്റെയും സ്‌കോറുകളാണ് ബംഗ്‌ളാദേശിനെ ഈ സ്‌കോറിലെങ്കിലും എത്തിച്ചത്. ഏഴുവിക്കറ്റിന് 213 റണ്‍സാണ് എടുത്തത്.
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 53 റണ്‍സ് എടുത്ത ഷായ് ഹോപ്പിന്റെ ബാറ്റിംഗ് തുണയായി. അലിക് അത്തനാസ (28), കീസി കാര്‍ത്തി (35), ജസ്റ്റിന്‍ ഗ്രീവ്‌സ് (26) എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. വിന്‍ഡീസിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് വന്നതോടെയാണ് സൂപ്പര്‍ഓവറിലേക്ക് കളി നീങ്ങിയത്.