-->
തായ്‌വാനില്‍ മൃതദേഹം കാണാനെത്തിയ സ്ത്രീയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് കുടുംബം. മൃതദേഹത്തിന്റെ വിരലടയാളം എടുക്കാന്‍ ശ്രമിച്ച യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ചുപോയയാള്‍ക്ക് നല്‍കിയ വായ്പയുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രോമിസറി നോട്ട് തയ്യാറാക്കുന്നതിന് വേണ്ടിയാണത്രെ ഇവര്‍ മൃതദേഹത്തിന്റെ വിരലടയാളം എടുത്തത്. മൃതദേഹം കാണാനെന്നതുപോലെ സമീപിച്ച ശേഷം അവര്‍ ആരും കാണാതെ മൃതദേഹത്തിന്റെ കൈ പിടിച്ച് വിരലടയാളം ശേഖരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വടക്കുപടിഞ്ഞാറന്‍ തായ്‌വാനിലെ ഹ്‌സിഞ്ചുവിലുള്ള ഒരു ശവസംസ്‌കാര കേന്ദ്രത്തില്‍ വെച്ചാണ് 59 കാരിയായ ലി എന്ന സ്ത്രീയെ അധികൃതര്‍ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീ അസാധാരണമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ട മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് അവര്‍ മൃതദേഹത്തിന്റെ വിരലടയാളം എടുക്കാന്‍ ശ്രമിക്കുകയാണ് എന്ന് കണ്ടെത്തിയത്. അവര്‍ ആകെ സ്തബ്ധരായിപ്പോയി. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. പിന്നാലെയാണ് ലിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കടവുമായി ബന്ധപ്പെട്ട് ലിയും മരിച്ച പെങ് എന്നയാളും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. ഫെബ്രുവരി 21 ന് പെങ്ങിന്റെ മരണവാര്‍ത്ത കേട്ട് മണിക്കൂറുകള്‍ക്ക് ശേഷം വ്യാജ പണയ രേഖയും ചഠ$ 8.5 ദശലക്ഷത്തിന്റെ (ഏകദേശം 24,335,500 രൂപ) പ്രോമിസറി നോട്ടും തയ്യാറാക്കി അതും കൈവശം വച്ചാണ് അവര്‍ ശവസംസ്‌കാര കേന്ദ്രത്തിലെത്തിയത്.
അവിടെയെത്തിയ ലി താന്‍ പെങ്ങിന്റെ അടുത്ത സുഹൃത്താണ് എന്നും അവസാനമായി യാത്ര പറയാന്‍ വേണ്ടി എത്തിയതാണ് എന്നും ഇവിടെയുള്ള ജീവനക്കാരനോട് പറഞ്ഞു. പിന്നാലെ മൃതദേഹം വച്ച വാഹനത്തിലേക്ക് കയറുകയും മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്ന് പെങ്ങിന്റെ വിരലടയാളം പേപ്പറില്‍ എടുക്കുകയുമായിരുന്നു. ആദ്യം ഒരു ജീവനക്കാരനാണ് ഇത് കണ്ടത്. പിന്നാലെ കുടുംബാംഗങ്ങളോട് പറഞ്ഞു. ശ്രദ്ധിച്ചപ്പോള്‍ അവര്‍ക്കും കാര്യം മനസിലായി. അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പെങ്ങിന് കടം കൊടുത്ത പണം പെങ്ങിന്റെ മരണത്തോടെ നഷ്ടപ്പെടുമോ എന്ന് പേടിച്ചാണ് വിരലടയാളം വയ്ക്കാന്‍ ശ്രമിച്ചത് എന്ന് അവര്‍ പോലീസിനോട് സമ്മതിച്ചു.