-->
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് കൈ വയ്ക്കുന്ന പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററുകളായി മാറാറുണ്ട്. ഇപ്പോഴിതാ അനിരുദ്ധിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചലച്ചിത്ര നിര്‍മാതാവും രജനികാന്തിന്റെ മകളുമായ സൗന്ദര്യ രജനികാന്ത് പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
‘എന്റെ കുട്ടി സഹോദരനും കുടുംബത്തിലെ റോക്ക് സ്റ്റാറുമായ അനിരുദ്ധിന് ജന്മദിനാശംകള്‍. നിങ്ങള്‍ നേടിയ എല്ലാ കാര്യങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. വരാനിരിക്കുന്ന എല്ലാത്തിനും ഞാന്‍ ആവേശഭരിതയാണ്. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു ’അനിരുദ്ധിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് സൗന്ദര്യ കുറിച്ചു. ഐശ്വര്യ രജനികാന്തിന്റെയും സൗന്ദര്യയുടെയും കസിന്‍ കൂടിയാണ് അനിരുദ്ധ്. നിരവധിപ്പേരാണ് അനിരുദ്ധിന് ആശംസകളറിയിച്ചുകൊണ്ട് കമന്റ് ബോക്‌സില്‍ എത്തുന്നത്.
ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുവേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനായത്തിയ മദ്രാസിയാണ് അനിരുദ്ധിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.