-->
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള, ജനശ്രദ്ധ പിടിച്ചുപറ്റിയ ഷോയാണ് കോൻ ബനേഗ ക്രോർപതി. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ഈ ഷോയില്‍ ഏറ്റവും വലിയ തുക നേടുകയെന്നത് നിരവധി പേരുടെ സ്വപ്നമാണ്. അറിവ് എന്ന മാനദണ്ഡമാണ് ഈ ഷോയില്‍ പലരെയും വിജയിപ്പിക്കാറുള്ളത്. ബിഗ് ബിയ്ക്കൊപ്പമെത്തി വലിയ വിജയങ്ങള്‍ നേടുന്നവര്‍ മാത്രമല്ല വ്യത്യസ്ത ടാലന്റുമായി ഈ വേദിയിലെത്തുന്ന പല മത്സരാര്‍ത്ഥികളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കാറുമുണ്ട്.
ഇപ്പോഴിതാ ‘കോൻ ബനേഗാ ക്രോർപതി’ പ്രത്യേക കിഡ്‌സ് എഡിഷനിലെ കുട്ടി മത്സരാർഥിയുടെ എപ്പിസോഡാണ് സൈബറിടത്ത് ചർച്ചയാകുന്നത്. പ്രേക്ഷകരെ ആകർഷിക്കുന്ന യുവ മത്സരാർത്ഥികളെ അവതരിപ്പിക്കുന്ന എപ്പിസോഡില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥി എത്തിയതാണ് സംഭവത്തിന് ആധാരമായത്. ത്തുവയസുകാരൻ ഇഷിത് ഭട്ടിന്റെ ‘ഓവർ കോണ്‍ഫിഡൻസ്’ തന്നെയാണ് ഇത് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള കാരണം.
അമിതാഭ് ബച്ചന്റെ മുന്നിലെ ഹോട്ട്‌സീറ്റിലെത്തിയ കുട്ടി തുടക്കം മുതല്‍ അമിത ആത്മവിശ്വാസം പ്രകടമാക്കിയാണ് സംസാരിച്ചത്. അമിതാഭ് ബച്ചന്‍ സംസാരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ പോലും കുട്ടി സമ്മതിക്കാതെ ഇടയില്‍ കയറിപ്പറയുന്നത് വീഡിയോയില്‍ കാണാം. പക്ഷേ ഓവര്‍കോണ്‍ഫിഡന്റായ കുട്ടിയ്ക്ക് അവസാനം പണി പാളിയതും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
അമിതാഭ് ബച്ചന്‍ നിയമങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍, ‘നിയമങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് അതൊന്നും എന്നോടിപ്പോള്‍ വിശദീകരിക്കേണ്ടതില്ല..’ എന്നാണ് കുട്ടി പറഞ്ഞത്. പിന്നീട് ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയപ്പോഴും കുട്ടി ഇതേ മനോഭാവം തുടര്‍ന്നു.
ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ നല്‍കുന്നതാണ് കെബിസിയിലെ പതിവ്. എന്നാല്‍ തനിക്ക് ഉത്തരമറിയാമെന്നതിനാല്‍ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകള്‍ പറയാന്‍ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല.
‘വെറുതെ പറഞ്ഞ് സമയം കളയണ്ട’ എന്നും കുട്ടി പറയുന്നുണ്ട്. പിന്നാലെ ബച്ചന്‍ ചോദ്യങ്ങളിലേക്ക് കടക്കുന്നുണ്ട്. എന്നാല്‍ ബച്ചന്‍ ഓപ്ഷന്‍ പറയുന്നതിന് മുമ്പ് തന്നെ ഉത്തരം നല്‍കി ലോക്ക് ആക്കാന്‍ പറയുകയാണ് കുട്ടി. മത്സരാര്‍ത്ഥിയുടെ അമിത ആത്മവിശ്വാസവും ഭാവവുമെല്ലാം ബച്ചനേയും അസ്വസ്ഥമാക്കുന്നതും വിഡിയോയില്‍ കാണാം.
എന്നാല്‍ 20,000 രൂപയ്ക്കുള്ള നാലാമത്തെ ചോദ്യത്തില്‍ കുട്ടിക്ക് അടിതെറ്റി. നേരത്തെ ഓപ്ഷന്‍ വേണ്ടെന്ന് പറഞ്ഞയാള്‍ ഓപ്ഷന്‍ ചോദിച്ചു പോയി. രാമായണത്തിലെ ആദ്യകാണ്ഡത്തിന്റെ പേര് എന്താണ് ആ ചോദ്യം. ബച്ചന്‍ ഓപ്ഷന്‍ നല്‍കിയപ്പോള്‍ അയോധ്യാകാണ്ഡം എന്ന തെറ്റായ ഉത്തരമാണ് കുട്ടി തിരഞ്ഞെടുത്തത്. അമിത ആത്മവിശാസത്തോടെ തന്നെ തെറ്റായ ഉത്തരം ലോക്ക് ചെയ്യാനും കുട്ടി പറഞ്ഞു.
ബച്ചന്‍ പല തരത്തില്‍ ഉത്തരം തെറ്റാണെന്ന് സൂചന നല്‍കിയെങ്കിലും ഒരു ലോക്കല്ല നാല് ലോക്ക് ചെയ്‌തോളൂവെന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവില്‍ ഉത്തരം തെറ്റി, ഒരു രൂപ പോലും സമ്മാനമായി ലഭിക്കാതെ വിദ്യാര്‍ത്ഥി തോറ്റ് മടങ്ങി.
കുട്ടിയുടെ പെരുമാറ്റത്തേയും സംസാരത്തേയും വളരെ ക്ഷമയോടെയും സംയമനത്തോടെയുമാണ് അമിതാഭ് ബച്ചന്‍ നേരിട്ടത്. അമിതാഭ് ബച്ചന്റെ രീതിയെ സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിച്ചു. ചിലസമയങ്ങളില്‍ അമിതാത്മവിശ്വാസം കാരണം കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നാണ് ഇതേക്കുറിച്ച് ബച്ചന്‍ പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് വൻ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ‘കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പാരന്റിങ് ക്ലാസ് വേണമെന്നും ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..., കുട്ടികള്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല നല്‍കേണ്ടത് മുതിര്‍ന്നവരെ ബഹുമാനിക്കാനും പഠിപ്പിക്കണം, തന്റെ മുമ്പിലിരിക്കുന്നത് ആരെന്ന ബോധ്യം പോലും അവനില്ലായിരുന്നു. എന്നാല്‍ വളരെ ക്ഷമയോടേയും ആത്മസംയമനത്തോടെയുമാണ് ബച്ചന്‍ കുട്ടിയെ സമീപിച്ചത്, അത് അഭിനന്ദിക്കണം...’’ എന്നതടക്കമാണ് കമന്റുകള്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മറ്റ് ചിലര്‍ കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നുമുണ്ട്. ‘അവനൊരു കൊച്ചുകുട്ടിയാണ്. ബച്ചന്‍ ആരെന്ന് മനസിലാക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല, കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത് പോലുള്ള ആക്രമണം അരുത്..., സമ്മാനത്തുക പോയാലും ബച്ചന് മുമ്പില്‍ അങ്ങനെ പോയിരിക്കാനുള്ള ആത്മവിശ്വാസമുള്ള അവന്‍ നേരത്തെ തന്നെ വിജയിച്ചവനാണ്....’ എന്നുമാണ് പിന്തുണയ്ക്കുന്നവരുടെ കമന്റുകള്‍.