-->
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്റെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല സ്വതസിദ്ധമായ ശൈലിയിലുള്ള എഴുത്തിലൂടെയും പലര്‍ക്കും പ്രചോദനമാകാറുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മനസ്സിലെ ചിന്തകളും ഉയര്‍ച്ച താഴ്ചകളുമൊക്കെ താരം പങ്കിടാറുള്ളത് തന്റെ ബ്ലോഗിലൂടെയാണ്.
ഇപ്പോഴിതാ വാർധക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് പറയുകയാണ് അമിതാഭ് ബച്ചൻ. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന ദൈനംദിന കാര്യങ്ങള്‍ക്കുപോലും ഇപ്പോള്‍ ബോധപൂർവമായ ശ്രമവും ശ്രദ്ധാപൂർവമായ ക്രമീകരണങ്ങളും ആവശ്യമായി വരുന്നതിനെക്കുറിച്ചും ആരോഗ്യപരമായ കാര്യങ്ങള്‍ തന്റെ ദിനചര്യയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നും താരം തന്റെ പുതിയ ബ്ലോഗില്‍ ഓർത്തെടുത്തു.
‘‘ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടില്‍ സപ്പോർട്ട് ബാറുകള്‍ സ്ഥാപിക്കേണ്ടി വന്നു. വാർധക്യത്തില്‍ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ട്. മുൻപ് ചെയ്തിരുന്ന ചില കാര്യങ്ങള്‍, വർഷങ്ങള്‍ക്കുമുമ്പ് ചെയ്തതുകൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാല്‍ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലനശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല.
ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങള്‍ പോലും ഇപ്പോള്‍ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്. ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.
ഉള്ളില്‍, ഞാൻ അവിശ്വസനീയതയോടെ പുഞ്ചിരിക്കും, അവർ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോള്‍ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്. ഹാൻഡില്‍ ബാറുകള്‍! ഏത് ശാരീരിക പ്രവർത്തിക്ക് മുൻപും ശരീരത്തെ താങ്ങിനിർത്താൻ അവ എല്ലായിടത്തും വേണം.
കാറ്റില്‍ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങള്‍ക്കുപോലും. അതൊരു വലിയ പ്രശ്നമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു, ഒപ്പം ഒരുതരം അനിശ്ചിതത്വവും..
ഇത് നമുക്കെല്ലാവർക്കും സംഭവിക്കും. അങ്ങനെ സംഭവിക്കാതിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കാലക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യും....’’ അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു
രിഭു ദാസ്ഗുപ്തയുടെ സെക്ഷൻ 84 ആണ് അമിതാഭ് ബച്ചന്റെ അടുത്ത സിനിമ. നാഗ് അശ്വിന്റെ ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിലും താരമുണ്ട്. ‘കോൻ ബനേഗ ക്രോർപതി’യുടെ അവതാരകനായി ടെലിവിഷൻ സ്ക്രീനുകളിലും താരം നിറഞ്ഞുനില്‍ക്കുന്നുണ്ട്.