-->
ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച, ഏറ്റവും പ്രഗത്ഭനായ, വാണിജ്യപരമായി വിജയിച്ച നടന്മാരിൽ ഒരാളാണ്. താരത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ എടുത്തു പറയാവുന്ന ഒന്നാണ് ‘ഡോണ്‍’. ബോളിവുഡിന്റെ സൂപ്പര്‍താരമാക്കി ബിഗ് ബിയെ മാറ്റിയതില്‍ ഡോണ്‍ സിനിമയ്ക്കുള്ള പങ്ക് ചെറുതൊന്നുമല്ല.
ഇപ്പോഴിതാ തന്നെ ബോളിവുഡ് സൂപ്പര്‍താരമാക്കിയ ഡോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ അന്തരിച്ച ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികള്‍ അർപ്പിച്ച് കുറിക്കുകയാണ് അമിതാഭ് ബച്ചൻ. ബരോട്ടിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്നും തന്റെ പ്രിയ സുഹൃത്തിനായി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂവെന്നും ബച്ചൻ ബ്ലോഗില്‍ കുറിച്ചു.
‘‘മറ്റൊരു ദുഃഖ നിമിഷം... പ്രിയപ്പെട്ട സുഹൃത്തും എന്റെ ഡോണിന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് ഇന്ന് രാവിലെ അന്തരിച്ചു...ഈ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്... ഞങ്ങള്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ അതിലുപരി അദ്ദേഹം ഒരു കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ...’’ എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്. ബച്ചന്റെ വാക്കുകളില്‍ തന്റെ ഏറ്റവുമടുത്ത സുഹൃത്തിനെയും സംവിധായകനെയും നഷ്ടപ്പെട്ടതിന്റെ വേദന കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.
കഴിഞ്ഞദിവസമാണ് പള്‍മണറി ഫൈബ്രോസിസിനെതിരായ ദീർഘനാളത്തെ പോരാട്ടത്തിനൊടുവില്‍ മുംബൈയില്‍ വച്ച് ചന്ദ്ര ബരോട്ട് അന്തരിച്ചത്. ഏഴുവർഷമായി ബരോട്ട് ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
മനോജ് കുമാറിന്റെ സഹായിയായിട്ടാണ് ബറോട്ടിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. എങ്കിലും ബരോട്ട് 1978-ൽ അഭിതാഭ് ബച്ചൻ നായകനായി അഭിനയിച്ച ‘ഡോൺ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, ‘ഡോൺ’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബരോട്ട് നൽകിയ സംഭാവന ഇന്നും പ്രസക്തമാണ്. സീനത്ത് അമനൊപ്പം അമിതാഭ് ബച്ചൻ ഇരട്ടവേഷത്തില്‍ അഭിനയിച്ച ‘ഡോണ്‍' അന്നു വരെ ബോളിവുഡ് കണ്ടിട്ടില്ലാത്ത ആക്‌ഷൻ സ്റ്റൈൽ ആയിരുന്നു. ഡോണിന്റെ ആകർഷണമായി മാറിയത് ചിത്രത്തിലെ ബച്ചന്റെ ഡയലോഗും ആക്‌ഷൻ സീൻസും ഐറ്റം ഡാൻസും, കെട്ടുറപ്പുള്ള കഥപറച്ചിലും, ഹിറ്റ് ഗാനങ്ങളും മൊക്കെ ഡോണിനെ ക്ലാസിക് പദവിയിലേക്ക് ഉയര്‍ത്തി. ശരിക്കും ബോളിവുഡില്‍ തരംഗമായി ഈ ചിത്രം മാറി.
പക്ഷേ പിന്നീട് ബരോട്ട് സിനിമയിൽ സജീവമായില്ല. 12 വർഷങ്ങൾക്കുശേഷം ‘ആശിത്ര’ എന്ന ബംഗാളി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തി. ആ സിനിമയും ബോക്സോഫീസില്‍ വിജയമായിരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ തുടങ്ങിയ ചിത്രങ്ങളും ബരോട്ട് സംവിധാനം ചെയ്തിട്ടുണ്ട്.
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, 'ഡോണ്‍' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബറോട്ട് നല്‍കിയ സംഭാവന ഇന്നും പ്രസക്തമായി തുടരുന്നു. നിരവധി റീമേക്കുകള്‍ക്ക് പ്രചോദനമാകുകയും ചെയ്തു ഈ ചിത്രം. പിന്നീട് ഈ സിനിമ ഫർഹാൻ അക്തർ ഷാരൂഖിനെ നായകനാക്കി റീമേക്ക് ചെയ്തു. തമിഴിൽ അജിത്തും തെലുങ്കിൽ പ്രഭാസും നായകന്മാരായെത്തിയ ‘ബില്ല’ എന്ന സിനിമയും ‘ഡോണി’ന്റെ റീമേക്ക് ആയിരുന്നു.
ഡോ. മനീഷ് ഷെട്ടിയുടെ മേല്‍നോട്ടത്തില്‍ ഗുരു നാനാക്ക് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ദീപ ബറോട്ടാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.