-->
ഏഴ് ജോടി കാലുകളുള്ള കരയിലും വെള്ളത്തിലും ജീവിക്കുന്ന ഐസോപോഡുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കരയില്‍ ഉള്ളതിനേക്കാള്‍ കടലിലാണ് ധാരാളം തരം ഐസോപോഡ് ജീവികളുള്ളത്. പതിനായിരത്തില്‍ അധികം തരം. കടലില്‍ കാണപ്പെടുന്ന ജയന്റ് ഐസോപോഡ് എന്ന ജീവിയാണ് ഐസോപോഡുകളില്‍ തന്നെ ഏറ്റവും വലുപ്പമുള്ള ജീവി. സിനിമകളിലും മറ്റുമുള്ള അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ഇവയ്ക്ക്. കിട്ടുന്ന സമയത്ത് വലിയ അളവില്‍ ഭക്ഷണം അകത്തുകയറ്റാന്‍ ഇവയ്ക്കു കഴിവുണ്ട്, ഭക്ഷണം തേടിയുള്ള തിരച്ചിലാണ് ജയന്റ് ഐസോപോഡുകളുടെ പ്രധാന ജീവിത പ്രവൃത്തി.
കാലങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കാനും ഈ ജീവികള്‍ക്കു സാധിക്കും. ശത്രുക്കളെ കണ്ടാലോ അപകടത്തില്‍ പെട്ടാലോ ജയന്റ് ഐസോപോഡുകള്‍ ശരീരം ഒരു ബോള്‍ പോലുള്ള ആകൃതിയിലേക്കു മടക്കും. 1879ല്‍ ആണ് ഈ ജീവികളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. എന്നാല്‍ ഇവയെപ്പറ്റിയുള്ള പഠനവും മറ്റും താരതമ്യേന വളരെ കുറവാണ്. 14 കാലുകള്‍ ഉപയോഗിച്ചാണ് ഈ ജീവി കടലടിത്തട്ടില്‍ നടക്കുന്നത്. പ്ലിയോപോഡ് എന്ന ശരീരഘടനയാണ് ഇവയെ ശ്വസിക്കാന്‍ അനുവദിക്കുന്നത്. 2 സെറ്റ് ആന്റിന പോലുള്ള ഘടനകളും ഇവയ്ക്കുണ്ട്. കടലടിത്തട്ടിലെ പരിതസ്ഥിതികള്‍ അറിയാന്‍ ഈ ഘടനകള്‍ സഹായകമാണ്. ഇവ നട്ടെല്ലില്ലാത്ത ജീവികളാണ്.
40 സെന്റിമീറ്റര്‍ വരെ ജയന്റ് ഐസോപോഡുകള്‍ക്കു വലുപ്പം വയ്ക്കാം. കടലിലെ മത്സ്യങ്ങളുടെയും ജലജീവികളുടെയും അവശിഷ്ടങ്ങള്‍ തിന്നാണ് ഇവ ജീവിക്കുന്നത്. മനുഷ്യരുടെ ട്രോളിങ് മീന്‍പിടിത്തം ഈ ജീവികള്‍ക്കു വളരെ ഗുണകരമാണ്. ചുരുങ്ങിയ സമയത്തില്‍ കടലിലെ പല മത്സ്യങ്ങളും മറ്റ് ജൈവ വസ്തുക്കളും ട്രോള്‍ വലയില്‍ വരുന്നതിനാല്‍ ജയന്റ് ഐസോപോഡുകള്‍ കൂട്ടമായി ട്രോള്‍ വലയിലെ ഭക്ഷണം കഴിക്കാനെത്തുന്ന രീതി പലപ്പോഴായി കണ്ടുവരുന്നുണ്ട്. ട്രോളിങ് മത്സ്യബന്ധനത്തെ ഇവ സാരമായി ബാധിക്കാം.
സാധാരണഗതിയില്‍ ജയന്റ് ഐസോപോഡുകളെ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല്‍ കിഴക്കന്‍ ഏഷ്യയിലെ ജപ്പാന്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളിലും മെക്‌സിക്കോയിലും ഇതൊരു വിശിഷ്ടഭോജ്യമാണ്.