-->
പെറുവിലെ നിബിഡ വനത്തില്‍ പുതിയ സഞ്ചി മൃഗത്തെ കണ്ടെത്തി ഗവേഷകര്‍. അമേരിക്കന്‍ വന്‍കരകളില്‍ കാണപ്പെടുന്ന ഒപോസം എന്ന സഞ്ചിമൃഗത്തിന്റെ പുതിയ സ്പീഷീസിനെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. വെറും 10 സെന്റിമീറ്റര്‍ മാത്രം വലുപ്പവും ചുവപ്പും ബ്രൗണും ചേര്‍ന്ന ശരീരനിറവും മുഖത്ത് അനേകം കലകളുമുള്ളതാണ് ഈ മൃഗം. 8740 അടി പൊക്കമുള്ള മേഖലയിലാണ് ഈ ഒപോസത്തെ കണ്ടെത്തിയത്. അപൂര്‍വമായ ചില അണ്ണാന്‍മാര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഗവേഷകര്‍ ഈ മൃഗത്തെ കണ്ടെത്തിയത്.
ജനിതക പരിശോധനയും മറ്റും നടത്തിയാണ് ഈ ജീവി ഒപോസം വിഭാഗത്തില്‍പെട്ടതാണെന്നു ഗവേഷകര്‍ ഉറപ്പിച്ചത്. വടക്കന്‍ പെറുവില്‍ ജീവിച്ചിരുന്ന ചാച്ചപ്പോയ എന്ന ഗോത്ര ജനവിഭാഗത്തോടുള്ള ബഹുമാനാര്‍ഥം മാര്‍മോസ ചാച്ചപ്പോയ എന്ന പേര് ഈ ജീവിക്കു ശാസ്ത്രജ്ഞര്‍ നല്‍കി. പെറുവിലെ റയോ അബിസിയോ എന്ന വനമേഖലയിലാണ് ഈ കണ്ടെത്തല്‍ നടന്നത്. ഭൂമിയിലെ തന്നെ ഏറ്റവും അപൂര്‍വമായ മഞ്ഞവാലന്‍ കമ്പിളിക്കുരങ്ങനെപ്പോലെയുള്ള ജീവിവര്‍ഗങ്ങള്‍ താമസിക്കുന്ന മേഖലയാണ് ഇത്. അമേരിക്കന്‍ വന്‍കരകളില്‍ കാണപ്പെടുന്ന സഞ്ചിമൃഗങ്ങളാണ് ഒപോസം. 126 സ്പീഷീസുകളിലായാണ് ജന്തുവര്‍ഗമുള്ളത്. തെക്കേ ഒപോസം അമേരിക്കയിലാണ് ഇവയുടെ ഉദ്ഭവം. എന്നാല്‍ പിന്നീട് ഇവ വടക്കേ അമേരിക്കയിലേക്കും കുടിയേറി.
യുഎസിലും കാനഡയിലും വെര്‍ജീനിയ ഒപോസം എന്ന ഒരൊറ്റ വിഭാഗം മാത്രമാണ് ഒപോസങ്ങളില്‍ നിന്നായി കാണപ്പെടുന്നത്. ഇവയെ പോസം എന്നും അവിടെ വിളിക്കാറുണ്ട്. പൊതുവെ ശാന്തപ്രകൃതരായ ജീവികളാണ് ഒപോസം. എലികളെപ്പോലെയുള്ള രൂപഭാവങ്ങള്‍ ഇവയ്ക്കുണ്ടെങ്കിലും ഇവ എലികളില്‍ നിന്ന് വളരെ വ്യത്യസ്തരാണ്.