-->
ഇന്നും ഈ ഭൂമിയിലുള്ളതെല്ലാം മനുഷ്യന് അജ്ഞമാണ്. പ്രത്യേകിച്ചും സസ്യലതാധികള്‍. നാം കാണാത്തതും അറിയാത്തുമായി അനേകായിരം സസ്യങ്ങളും പുക്കളും ഈ ലോകത്തുണ്ട്. ഇവയില്‍ ചിലത് എല്ലായിടത്തുമുള്ളതും മറ്റുചിലത് അപൂര്‍വ്വമായി കാണപ്പെടുന്നതുകൊണ്ടുമാണ് സസ്യലോകത്തെ നാം അറിയാതെ പോകുന്നത്. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും അപൂര്‍വമായി കണക്കാക്കപ്പെടുന്നത് കമീലിയ വിഭാഗത്തില്‍പെടുന്ന മിഡില്‍മിസ്റ്റ്‌സ് റെഡ് എന്ന പുഷ്പമാണ്. കമീലിയ എന്ന പുഷ്പവിഭാഗം പലയിടത്തുമുണ്ട്, എന്നാല്‍ മിഡില്‍മിസ്റ്റ്‌സ് റെഡിന്റെ കേസില്‍ ഇങ്ങനെയല്ല.
1804ല്‍ ചൈനയില്‍ നിന്ന് ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണു മിഡില്‍മിസ്റ്റ്‌സ് റെഡ്. എന്നാല്‍ താമസിയാതെ ചൈനയില്‍നിന്ന് ഈ ചെടി പൂര്‍ണമായും വംശനാശം വന്നു പോയി. ബ്രിട്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷില്‍ നിന്നുള്ള ജോണ്‍ മിഡില്‍മിസ്റ്റ് എന്ന വ്യക്തിയാണ് ഈ പുഷ്പം ബ്രിട്ടനിലേക്കു കൊണ്ടുവന്നത്. അതിനാലാണ് ഇതിനെ മിഡില്‍മിസ്റ്റ് റെഡ് എന്നു വിളിക്കുന്നത്. ന്യൂസീലന്‍ഡിലും ബ്രിട്ടനിലുമുള്ള രണ്ട് പൂന്തോട്ടങ്ങളില്‍ മാത്രമാണ് ഈ പുഷ്പം ഇന്നു സ്ഥിതി ചെയ്യുന്നത്. അനേകം ആരോഗ്യഗുണങ്ങള്‍ ഉള്ള പുഷ്പമാണ് മിഡില്‍മിസ്റ്റ്‌സ് റെഡ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ത്യയിലെ അപൂര്‍വപുഷ്പങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് കേരളത്തിലുള്ള നീലക്കുറിഞ്ഞികള്‍. വല്ലപ്പൊഴുമൊരിക്കല്‍ പൂക്കുന്ന ഇവ കാണാനായി വിവിധ ദേശങ്ങളില്‍ നിന്നാണ് ആളുകള്‍ മൂന്നാറിലേക്കും മറ്റും എത്തുന്നത്. അതിലും അപൂര്‍വമാണ് ചിലെയിലെ ആന്‍ഡിസ് പര്‍വതമേഖലയില്‍ കാണപ്പെടുന്ന പുയ ആല്‍പെട്രിസ് എന്ന ചെടി. പത്തുവര്‍ഷത്തിലേറെ സമയമെടുത്താണ് ഇവ പുഷ്പിക്കുന്നത്.