-->
വളര്‍ത്തുമൃഗങ്ങളെ മനുഷ്യരെക്കാളേറെ സ്നേഹിക്കുന്നവരാണ് പലരും. നായയെയും പൂച്ചകളെയും പക്ഷികളെയുമെല്ലാം തങ്ങളിലൊരാളായി ഒപ്പം കൂട്ടി വീട്ടില്‍ വളര്‍ത്തുന്നവര്‍ അവയെ സ്വന്തം മക്കളെപ്പോലെയാണ് സ്നേഹിക്കുന്നത്. അടുത്തിടപഴകാനും അവയുടെ കാര്യങ്ങളെല്ലാം നോക്കി ഒപ്പം ചേര്‍ത്ത് ഇണക്കി വളർത്തുന്നത് സുപരിചിതമാണ്. എന്നാല്‍ സിംഹം, കടുവ തുടങ്ങിയ വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നത് ഒരല്‍പ്പം അമ്പരപ്പോടെ മാത്രമേ കണ്ടിരിക്കാന്‍ കഴിയൂ. വീട്ടില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നവരുടെ വിദേശീയരുടെ വീഡിയോകള്‍ അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ക്ക് അത്ഭുതമാണ്.
എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ ഒരു വീട്ടില്‍ പുള്ളിപ്പുലിയെ ഓമനിച്ചു വളർത്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം വീട്ടില്‍ വളർത്തുന്ന പുള്ളിപ്പുലിയെയാണ് യുവതി പരിചയപ്പെടുത്തുന്നത്. പുള്ളിപ്പുലിയുടെ ഒരു ദിവസം എന്ന പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പുലിയെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും അടക്കം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ‘ഇവന് കുളിക്കാൻ മടിയാണെന്നും വെള്ളം ഇഷ്ടമല്ലെന്നും ചിക്കനാണ് ഇഷ്ടം...’ എന്നൊക്കെ യുവതി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന എഐ വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള ‘റീൽ വോൾട്ട്’ എന്ന ഉപയോക്തവാണ് വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. ആദ്യം ആരുമൊന്ന് അമ്പരക്കുമെങ്കിലും സംഗതി എഐ സൃഷ്ടിയാണെന്ന് പിന്നീട് മനസ്സിലാകും. ഒറിജിനലിനെ വെല്ലുന്ന മികവോടെ നിർമ്മിച്ച വീഡിയോ ഒരുപാട് കാഴ്ചകള്‍ നേടി. വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ കമന്റ് പങ്കുവച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തോട് ഇത്ര അടുത്തു നില്‍ക്കുന്ന എഐ വീഡിയോകള്‍ മലയാളത്തില്‍ കുറവാണെന്നാണ് പലരും കുറിക്കുന്നത്.