-->
വിദേശ രാജ്യങ്ങളില്‍ തങ്ങള്‍ക്കുണ്ടാകുന്ന പല അനുഭവങ്ങളും ഇന്ത്യന്‍ വ്‌ളോഗര്‍മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഇറ്റലിയിലെ ഒരു റസ്റ്ററന്റില്‍ വച്ചുണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍. വീഡിയോ പലരിലും ചെറിയൊരു അമ്പരപ്പും ചിരിയും ഉണ്ടാക്കിയിരിക്കുകയാണ്. വാഗ്മിതാ സിങെന്ന ഇന്ത്യക്കാരി ഇറ്റലിയിലെ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയി. ബില്‍ വന്നപ്പോള്‍ 'കോപേരത്തോ' എന്നൊരു 'അധികപ്പറ്റ്' സാധനം ശ്രദ്ധയില്‍പ്പെട്ടു.
കാര്യം മനസിലാകാത്തത് കൊണ്ട് വെയ്റ്ററോട് വിളിച്ച് ഇതെന്താണെന്ന് ചോദിച്ചതും അയാള്‍ക്കത് ഇഷ്ടപ്പെട്ടില്ല. കോപേരത്തോ എന്നാല്‍ ഇറ്റാലിയന്‍ റെസ്‌റ്റോറന്റില്‍ ടേബിള്‍ സെറ്റിങ്‌സിനും സര്‍വീസും ഈടാക്കുന്ന ചാര്‍ജാണ്. ഇവിടെ നിങ്ങള്‍ കഴിച്ച പ്ലേറ്റ് ഇല്ലേ അതിനും പണം നല്‍കണമെന്നായിരുന്നു വെയിറ്ററുടെ റിപ്ലൈയത്രേ. മാത്രമല്ല തൊണ്ട വയ്യാത്തതിനാല്‍ 'റം വിത്ത് ഹോട്ട് വാട്ടര്‍' ചോദിച്ചപ്പോഴും റെസ്‌റ്റോറന്റ് ജീവനക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് സിങ് പറയുന്നത്. അതായത് ഫുഡ് കസ്റ്റമൈസേഷനും അവിടെ പാടാണെന്ന് യുവതി പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായി രംഗത്തെത്തി. ഇന്ത്യയില്‍ ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി മറ്റെവിടെയും ലഭിക്കില്ലെന്നാണ് പലരും കമന്റില്‍ പറയുന്നത്. എന്തായലും പ്ലേറ്റ് കഴുകി വയ്ക്കാന്‍ പറഞ്ഞില്ലല്ലോന്ന് എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ അവിടെ ചോറും കറിയും കിട്ടില്ലേ എന്നാണ് വേറൊരാളുടെ ചോദ്യം.