-->
നമ്മുക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി പല വഴികളും തേടുന്നവരുണ്ട്. ഇത്തരത്തില്‍ തന്റെ പങ്കാളിയെ കണ്ടെത്താന്‍ വേറിട്ട വഴി തിരഞ്ഞെടുത്തിരിക്കുകയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ എന്ന യുവതി. അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ് ലിസ ചെയ്തത്. നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്.
തന്റെ പുതിയ വെബ്‌സൈറ്റായ MarryLisa.com പ്രചരിപ്പിക്കാനായി ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് ഇവര്‍ സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഈ സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പങ്കാളിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും വിശദമാക്കുന്നു. ഈ ആശയം ഒരു തമാശയായി തുടങ്ങിയ പരീക്ഷണമായിരുന്നുവെന്നും, എന്നാല്‍ പെട്ടെന്ന് അതൊരു പൂര്‍ണ്ണമായ കാമ്പയിനായി മാറിയെന്നും ലിസ കറ്റലാനോ പറയുന്നു.
പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ വിദ്യാഭ്യാസം, കരിയര്‍, ഹോബികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂരിപ്പിക്കണം. തന്റെ ആവശ്യങ്ങളും ലിസ വ്യക്തമാക്കിയിട്ടുണ്ട്, സ്ഥിരതയുള്ള, ഏകപത്‌നീ ബന്ധത്തില്‍ താല്‍പ്പര്യമുള്ള ഒരാള്‍, ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍, ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നയാള്‍ എന്നിങ്ങനെയുള്ള ആളെയാണ് അവര്‍ക്ക് വേണ്ടത്. 35 നും 45 നും ഇടയില്‍ പ്രായമുള്ള, മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ തന്റെ കാഴ്ചപ്പാടുകളുടേതിന് സമാന കാഴ്ച്ചപ്പാടുകളുള്ള, സമാനമായ ആരോഗ്യ മുന്‍ഗണനകളുള്ള ഒരാളെയാണ് ലിസ കറ്റലാനോ തേടുന്നത്.
19 വയസ്സുള്ളവര്‍ മുതല്‍ 78 വയസ്സുള്ളവര്‍ വരെ അപേക്ഷകള്‍ അയച്ചിട്ടുണ്ട്. 2023 ല്‍ ഗുരുതരമായ അസുഖത്തെ തുടര്‍ന്നാണ് ലിസയ്ക്ക് ഭാവിവരനെ നഷ്ടപ്പെട്ടത്. ആ ബന്ധത്തിന് ശേഷം വീണ്ടും ഡേറ്റിംഗ് ചെയ്യുന്നത് വിചിത്രമായി തോന്നി എന്നും അവര്‍ പറഞ്ഞു. ഡേറ്റിംഗ് ആപ്പുകള്‍ ഫലപ്രദമാകാമെങ്കിലും, തനിക്ക് വ്യക്തിപരമായി താന്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. സെപ്റ്റംബര്‍ 2ന് കാമ്പയിന്‍ ആരംഭിച്ചതി, അവര്‍ക്ക് ഏകദേശം 1,800 അപേക്ഷകള്‍ ലഭിച്ചു.