-->
വിവാഹ ആഘോഷം പോലെ തന്നെ ഇപ്പോള്‍ വിവാഹമോചന ആഘോഷവും ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിയ്ക്കുകയാണ്. ജീവിതത്തിലെ രണ്ടാംഘട്ടമെന്ന സ്വാതന്ത്ര്യം പലരും കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമൊക്കെയാണ് ഇപ്പോള്‍ ആഘോഷിയ്ക്കുന്നത്. തന്റെ വിവാഹമോചനം ആഘോഷമാക്കിയ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോ വളരെ പെട്ടെന്ന് വൈറലായി. 30 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
വിവാഹമോചിതനായ യുവാവ് നിലത്തിരിക്കുന്നതും അയാളുടെ അമ്മ തലയിലൂടെ പാല്‍ അഭിഷേകം നടത്തുന്നതും വീഡിയോയില്‍ കാണാം. പാലും വെള്ളവും ഉപയോഗിച്ച് അഭിഷേകം നടത്തി ശുദ്ധി വരുത്തുന്ന പോലെ വിവാഹമോചനത്തിനു ശേഷം ശുദ്ധി വരുത്തുന്നതിനായാണ് അയാള്‍ പാലില്‍ കുളിക്കുന്നത്. ഈ ആചാരത്തിനു ശേഷം യുവാവ് ആഘോഷത്തിനായി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങുന്നു. പിന്നീട് ഒരു ചോക്ലേറ്റ് കേക്കുമായി യുവാവ് പുഞ്ചിരിക്കുന്നതും കാണാം. 'ഹാപ്പി ഡിവോഴ്സ്, 120 ഗ്രാം സ്വര്‍ണം, 18 ലക്ഷം ക്യാഷ്' എന്നിങ്ങനെ കേക്കില്‍ എഴുതിയിരിക്കുന്നതും കാണാം. രണ്ട് വലിയ സ്മൈലികളും കേക്കില്‍ വരച്ചിട്ടുണ്ട്. പുഞ്ചിരിയോടെ യുവാവ് തന്റെ വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ചു.
'ഞാന്‍ 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും എടുത്തിട്ടില്ല. അത് തിരിച്ചു നല്‍കി. ഞാന്‍ സന്തോഷവാനും സിംഗിളും സ്വതന്ത്രനുമാണ്. എന്റെ ജീവിതം എന്റെ ജനിയമങ്ങള്‍', എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നതിനു മുമ്പ് തന്റെ മുന്‍ ഭാര്യയ്ക്ക് അയാള്‍ 120 ഗ്രാം സ്വര്‍ണ്ണവും 18 ലക്ഷം രൂപയും തിരിച്ചു നല്‍കിയെന്ന തുറന്നു പറച്ചിലാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.