-->
കുട്ടികളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കുട്ടികളെ നോക്കുന്നത് ഇത്ര പ്രയാസമാണോ എന്ന ചോദ്യത്തെക്കാള്‍ ഇന്ന് കുട്ടികളെ അച്ചടക്കത്തോടെ എങ്ങനെ വളര്‍ത്തും എന്നത് തന്നെയാണ് പ്രാധാന്യം. അച്ചടക്കം, കാര്‍ക്കശ്യം, സ്ഥിരത, കൃത്യമായ ചട്ടക്കൂട് തുടങ്ങിയ കാര്യങ്ങളിലേക്ക് കുറച്ച് തമാശകള്‍ കൂടെ കൂട്ടിയാല്‍ കുട്ടികളെ വളരെ മനോഹരമായി വളര്‍ത്താന്‍ കഴിയുമെന്ന് പല പഠനങ്ങളും പറയുന്നു. സംഘര്‍ഷം നിറഞ്ഞ പേരന്റിങ് നിമിഷങ്ങളെ ലഘുവാക്കാനും കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇടപെടലുകള്‍ കുറച്ചുകൂടി തുല്യതയുള്ളതാക്കാനും തമാശകള്‍ സഹായിക്കും. മികച്ച ഒരു പേരന്റ് ആയിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം....
* കുട്ടികളുടെ സ്വാതന്ത്ര്യത്തിന് വില കല്പിക്കുക - കുട്ടികളുടെ സ്വാതന്ത്ര്യത്തിന് അതിന്റെതായ പ്രാധാന്യം നല്‍കുക. അമിതമായി ഭരിക്കപ്പെടുന്നതും സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അവസരം നിഷേധിക്കുന്നതും ഒരിക്കലും നല്ല കാര്യമല്ല. പകരം ശരിതെറ്റുകള്‍ മനസിലാക്കി തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം അവര്‍ക്ക് നല്‍കുക.
* കുട്ടികള്‍ക്കായി ചില നിയമങ്ങള്‍ - കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അവരെ മികച്ച ചിട്ടയോടും ജീവിതചര്യയോടും കൂടി വളര്‍ത്തുക എന്നത്. കുട്ടികളല്ലേ വളരുമ്പോള്‍ ശരിയാകും എന്ന ചിന്താഗതി നല്ലതല്ല. അങ്ങനെ ശരിയാകാനും പോകുന്നില്ല. അതിനാല്‍ തുടക്കം തന്നെ ചിട്ടയോടെയാകണം. ഇതിനായി മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ സൗഹാര്‍ദ്ദപരമായ ചില നിയമങ്ങള്‍ കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്യാം.
* കുട്ടികളുടെ ജീവിതത്തോട് ഇഴചേരുക - കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ ജീവിതത്തോട് പരമാവധി ഇഴചേരണം. കുട്ടികളുടെ ഇഷ്ടങ്ങള്‍, അവരെ അസ്വസ്ഥരാക്കുന്ന കാര്യങ്ങള്‍, കൂട്ടുകാര്‍, പ്രിയപ്പെട്ട ഭക്ഷണം അങ്ങനെ അവരെ സംബന്ധിക്കുന്ന ഓരോ കാര്യവും അറിയാന്‍ ശ്രമിച്ചാല്‍ മാത്രമേ മികച്ച ഒരു പേരന്റ് ആവാന്‍ സാധിക്കൂ
* നിങ്ങള്‍ ചെയ്യുന്നതാണ് കുട്ടികള്‍ പിന്തുടരുന്നത് - അച്ഛനമ്മാരാണ് കുട്ടികളുടെ ആദ്യത്തെ റോള്‍ മോഡല്‍. അച്ഛനമ്മമാര്‍ എന്തു ചെയ്യുന്നുവോ അത് പിന്തുടരാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അച്ഛനമ്മമാര്‍ക്ക് ചിട്ടയായ ജീവിതരീതി, പരസ്പര ബഹുമാനം, വിശാല ചിന്താഗതി എന്നിവ അനിവാര്യമാണ്. ഇക്കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനും അവര്‍ സമയം കണ്ടെത്തണം.
* അമിത സ്‌നേഹം വേണ്ട - നിങ്ങളുടെ മക്കളാണെന്നത് ശരി തന്നെ. പക്ഷെ അമിതമായ സ്‌നേഹം നല്‍കി അവരെ വഷളാക്കുന്നതില്‍ കാര്യമില്ല. ശകാരിക്കേണ്ട തെറ്റുകള്‍ക്ക് ശകാരിക്കുക തന്നെ വേണം. തെറ്റുകള്‍ മൂടി വയ്ക്കുന്നതും അത് കുട്ടികളുടെ ശ്രദ്ധയില്‍ പെടുത്താതിരിക്കുന്നതും അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.