-->
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം 160 കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി തകര്‍ത്തഭിനയിക്കുന്ന ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’. ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന സിനിമ രാജ്യമെമ്പാടും വലിയ വിജയമായി മുന്നേറുകയാണ്.
കന്നട സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘കാന്താര’യുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. പ്രകൃതിയും, ദൈവികതയും നാടോടിക്കഥകളും എന്നിവയുമായുള്ള മനുഷ്യബന്ധങ്ങളെയുമെല്ലാം ഒരുമിച്ച് കൊണ്ടുവരുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം എല്ലാ പ്രതീക്ഷകളും മറികടന്നുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ‘കാന്താര’ ആവേശത്തിനിടെ തമിഴ്‌നാട്ടിലെ ദിണ്ടിക്കലില്‍ നടന്ന ഒരു ദൃശ്യവിസ്മയമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ് ആളുകള്‍ സിനിമയുടെ ഹാംഗ് ഓവറില്‍ എഴുന്നേറ്റ് പോകാനൊരുങ്ങുന്ന സമയത്താണ് പഞ്ചുരുളി തെയ്യവേഷത്തില്‍ ഒരാള്‍ തീയേറ്ററിനുള്ളിലെ ആളുകള്‍ക്ക് ഇടയിലേക്ക് ഓടിയെത്തിയത്. ശേഷം വരാഹരൂപം എന്ന പാട്ടിന് തെയ്യവേഷത്തില്‍ ഉള്ള ആള്‍ ചുവടു വയ്ക്കുകയും ചെയ്യുന്നത്. പെട്ടെന്ന് ഒരു ഞെട്ടലും അമ്പരപ്പും ഉണ്ടായെങ്കിലും പിന്നീട് കാണികള്‍ ആവേശത്തില്‍ എഴുന്നേറ്റ് കൈയ്യടിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. വൈറലായ വീഡിയോയ്ക്ക് താഴെ ചിലര്‍ ആ ആരാധകന്റെ ആവേശത്തെ ആത്മീയ അനുഭവമായി കുറിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ദൈവരൂപത്തെ അനാവശ്യമായി അവതരിപ്പിച്ചുവെന്ന വിമര്‍ശനവും കുറിക്കുന്നുണ്ട്. എന്തു തന്നെയായാലും ‘കാന്താര’ നല്‍കുന്ന ദൃശ്യവിസ്മയവും അതിനെ തുടര്‍ന്നുള്ള ഇത്തരം നിമിഷങ്ങളും ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍.
After the screening of Kantara Chapter 1 at a cinema in Dindigul, a fan dressed as a Daiva stunned the audience there.Goosebumps Thank you Divine star @shetty_rishab @hombalefilms for making such a Divine movie #KantaraChapter1 pic.twitter.com/sPd3bNmNHN— ಸನಾತನ (@sanatan_kannada) October 5, 2025