-->
ചൈനയിലെ 5,500 മീറ്റര്‍ ഉയരമുള്ള സിചുവാനിലെ നാമ കൊടുമുടി കയറുന്നതിനിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി സുരക്ഷാ കയര്‍ മാറ്റിയ ഹൈക്കര്‍ കല്‍വഴുതി വീണ് മരിച്ചു. കൊടുമുടിയുടെ മുകളില്‍ നിന്നും ഫോട്ടോയെടുക്കാനായി തന്റെ സുരക്ഷാ കയര്‍ അഴിച്ചുമാറ്റിയതിന് പിന്നാലെ 31 കാരനായ ഹോങ് എന്ന ഹൈക്കറാണ് മഞ്ഞിലൂടെ കാല്‍ തെന്നി താഴേയ്ക്ക് വീണ് മരിച്ചത്. സെല്‍ഫിക്കായി ഇദ്ദേഹം ഒറ്റവരി പാതയില്‍ നിന്നും മാറിയതിന് പിന്നാലെ മഞ്ഞില്‍ കാല്‍വഴുതി ബാലന്‍സ് നഷ്ടമായി താഴേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭയാനകമായ വീഡിയോ 'സെപ്റ്റംബര്‍ 25 ന് ചൈനയിലെ സിചുവാനിലെ നാമ കൊടുമുടിയില്‍ 31 വയസ്സുള്ള ഒരു ഹൈക്കര്‍ ഫോട്ടോ എടുക്കാന്‍ തന്റെ സുരക്ഷാ കയര്‍ അഴിച്ചതിന് പിന്നാലെ വീണ് മരിച്ച നിമിഷമാണിത്. ആ മനുഷ്യനും സംഘവും കയറാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞവെന്ന കുറിപ്പോടെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ ചെങ്കുത്തായ ഒരു മഞ്ഞ് മലയുടെ ഒത്ത മുകളിലൂടെ നടന്ന് നീങ്ങുന്ന ഒരു സംഘം ഹൈക്കര്‍മാരെ കാണാം. എല്ലാവരും ഒരു കയറിനാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വളരെ മെല്ലെയാണ് എല്ലാവരും നടക്കുന്നത്. ഇതിനിടെ ഏറെ മുന്നിലായി ഒരാള്‍ കുത്തനെയുള്ള മഞ്ഞ് മലയിലൂടെ താഴേക്ക് തെന്നി നീങ്ങുന്നത് കാണാം. ഈ സമയം ചിലര്‍ ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. പെട്ടെന്നുള്ള കാഴ്ചയില്‍ അതൊരു രസകരമായ കാര്യമായി തോന്നാമെങ്കിലും കാര്യമറിയുമ്പോഴാണ് അതിന്റെ ഭീകരത മനസിലാകുക. 5,500 അടി ഉയരമുള്ള മഞ്ഞ് മലയില്‍ നിന്ന് ഒരാള്‍ താഴേക്ക് വീഴുന്ന കാഴ്ചയായിരുന്നു അത്.
സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. ഹോങിനും സംഘത്തിനും സിചുവാനിലെ നാമ കൊടുമുടി കയറാനുള്ള അനുമതിയില്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഹോങ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അദ്ദേഹത്തിന്റെ മൃതദേഹം പോലീസും കമ്മ്യൂണിറ്റി ജീവനക്കാരും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ പിന്നീട് കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.