-->
യുഎസിലെ ബ്രൈറ്റണില്‍ നടന്ന മൃഗവേട്ടയ്ക്കിടെ 17 കാരന് ദാരുണാന്ത്യം. അണ്ണാനാണെന്ന് കരുതി വെച്ച വെടിയേറ്റ് കാര്‍സണ്‍ റയാന്‍ എന്ന 17കാരനായ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. വേട്ടയാടലില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയും കായിക താരവുമായിരുന്നു മരിച്ച് പോയ കാര്‍സണ്‍ റയാനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് സംസ്ഥാന വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളും അറിയിച്ചു.
റയാന്‍ ഒരു സംഘം വേട്ടക്കാര്‍ക്കൊപ്പം മരങ്ങള്‍ നിറഞ്ഞ വനമേഖലയിലേക്ക് വേട്ടയ്ക്ക് പോവുകയായിരുന്നു. ഇവര്‍ അണ്ണാനെപ്പോലുള്ള ചെറുജീവികളെയാണ് വേട്ടയാടാന്‍ ലക്ഷ്യമിട്ടിരുന്നത്. വേട്ടക്കിടെ, സംഘത്തിലെ ഒരംഗം മരങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, വെടിയുണ്ട റയാന്റെ തലയുടെ പിന്നിലായാണ് കൊണ്ടത്. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കി റയാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഡോക്ടര്‍മാരുടെ എല്ലാ ശ്രമങ്ങളും വിഫലമായി. പരിക്ക് ഗുരുതരമായിരുന്ന റയാന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തിന് പിന്നാലെ അബദ്ധത്തില്‍ സംഭവിച്ച വെടിവെപ്പായി കണക്കാക്കി അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പ്രാദേശിക ഷെരീഫ് ഓഫീസും സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അപകടങ്ങള്‍ അപൂര്‍വമാണെങ്കിലും, സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കാതെ വേട്ടയാടുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങളിലേക്ക് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Carson Ryan, 17, of Washington, Iowa, died on Saturday, September 27, 2025, after being accidentally shot in the back of the head by a member of his own hunting party in a rural area of Brighton. The Iowa Department of Natural Resources stated the teen was mistaken for a squirrel… pic.twitter.com/r52MXhmeyC— True Crime Updates (@TrueCrimeUpdat) October 1, 2025