-->
സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങളും വേറിട്ട കാഴ്ചകളും പലരും പങ്കിടാറുണ്ട്. യാത്രയ്ക്കിടെ കാണുന്നതും കഴിക്കുന്ന ഭക്ഷണവും ആകര്‍ഷകമായ സ്ഥലങ്ങളുമൊക്കെ പങ്കിടുന്നതും അതിന് ലൈക്കും കമന്റും റീച്ചുമൊക്കെ കിട്ടുന്നതും തന്നെയാണ് വ്ലോഗര്‍മാരുടെ വിജയം. പല വ്ലോഗര്‍മാരും തങ്ങള്‍ക്ക് നേരിട്ട് ഉണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ളത്.
ഇപ്പോഴിതാ അത്തരത്തില്‍ പയ്യന്നൂരിലെ ഒരു ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് വ്ലോഗർ ശിവരഞ്ജിനി. ഹാഫ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത തനിക്ക് തന്നത് ചിക്കൻപീസില്ലാത്ത ബിരിയാണിയായിരുന്നെന്നും പിന്നീട് പരാതി പറഞ്ഞപ്പോള്‍ വേവാത്ത ഒരു ചിക്കൻ പീസ് തന്നു എന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്. ബിരിയാണിയില്‍ നിന്നും കോഴിത്തൂവല്‍ കിട്ടിയെന്നും ശിവരഞ്ജിനി ആരോപിക്കുന്നുണ്ട്.
‘‘പയ്യന്നൂർ പെരുമ്പയിലെ ഹൈവേ ഹോട്ടലിൽ ഇന്നലെ എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്. ഞാൻ ഒരു ഹാഫ് ബിരിയാണിയും ഹസ്ബന്റിനു ഒരു ഫുൾ ബിരിയാണിയും ഓർഡർ ചെയ്തു. ആദ്യം അവർ ഫുൾ ബിരിയാണി കൊണ്ടുവന്നു. ഞാൻ 5 മിനിറ്റിലധികം കാത്തിരുന്നു. ഞാൻ പിന്നെയും ചോദിച്ചപ്പോ പിന്നീട് ഞാൻ ഓർഡർ ചെയ്ത ഹാഫ് ബിരിയാണി കൊണ്ടുവന്നു, പക്ഷെ വൈറ്റെർ ദേഷ്യത്തിൽ ആർക്കോ വേണ്ടി കൊണ്ട് വന്നു തന്നപോലെ ആണ് അത് സെർവ് ചെയ്തത്. അതിൽ ചിക്കൻ പീസുകളൊന്നും ഉണ്ടായിരുന്നില്ല, വെറും പ്ലെയിൻ റൈസ് മാത്രമായിരുന്നു.
റിസപ്ഷനിലുണ്ടായിരുന്ന ആളോട് ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം വെയിറ്ററെ വിളിച്ച് വരുത്തി.
വെയിറ്റർ ചിക്കൻ പീസ് കൊണ്ടുവന്നു, പക്ഷേ അത് ശരിയായി വേവിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ അത് കാര്യമാക്കിയില്ല, എന്നാൽ പിന്നീട് എനിക്ക് ബിരിയാണിയിൽ ഒരു ചിക്കൻ തൂവൽ കിട്ടി! ഇത് കണ്ടപ്പോൾ എനിക്ക് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല.
ഞാൻ വീണ്ടും റിസപ്ഷനിലെ ആളെ വിളിച്ചു കാണിച്ചപ്പോൾ, അത് തൂവലാണോ എന്ന് ചോദിച്ച് അവർക്ക് വിശ്വാസമായില്ല. ഞാൻ വീഡിയോ എടുത്തതുകൊണ്ട് എനിക്ക് തെളിവുണ്ടെന്ന് അവരോട് പറഞ്ഞു. വെയിറ്ററെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ, അത് ഇതിൽ നിന്നും തന്നെ കിട്ടിയതാണോ എന്നാണ് തിരിച്ചു ചോദിച്ചത്, അത് റീപ്ലേസ് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല, ഹോട്ടലിലെ ജീവനക്കാർ ആരും അവരുടെ തെറ്റ് സമ്മതിച്ചില്ല. എനിവെ ഇത്രയും മോശം കസ്റ്റമർ സർവീസും ഫുഡ് ഉം പയ്യന്നുർ നിന്ന് ഇത് ആദ്യം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശിവരഞ്ജിനി വീഡിയോ പങ്കിട്ടിരിക്കുന്നത്.
പയ്യന്നൂർ പെരുമ്പയിലെ ഹൈവേ ഹോട്ടലിനെതിരെയാണ് വ്ലോഗർ ശിവരഞ്ജിനി ആരോപണം ഉയർത്തിയിരിക്കുന്നത്. ഹോട്ടലിന് മുന്നില്‍ നിന്ന് തന്നെ ഈ കാര്യങ്ങള്‍ പറഞ്ഞാണ് ശിവരഞ്ജിനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു വീഡിയോയിലൂടെ ഭക്ഷണം കഴിക്കുന്നതും കോഴിത്തൂവല്‍ കിട്ടിയതുമായ ചിത്രങ്ങളും വീഡിയോയ്ക്കുള്ള വിശദീകരണവും വ്ലോഗര്‍ ശിവരഞ്ജിനി നല്‍കുന്നുണ്ട്.