Friday, March 13, 2026 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Sep 2025 11.39 AM

12 വര്‍ഷം, 3 സിനിമകള്‍, ഒരേ ഫ്രെയിമില്‍ ഒരേ കഥാപാത്രങ്ങള്‍; ‘ദൃശ്യം’ ടേബിള്‍ ട്രിലോളജി പങ്കുവച്ച് ജീത്തു ജോസഫ് ; ‘ഗംഭീര ദൃശ്യം’ ഏറ്റെടുത്ത് ആരാധകര്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോമ്പോയില്‍ റിലീസ് ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ പരമ്പരമായ ‘ദൃശ്യം’ 3 നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മൂന്നു ഭാഗങ്ങളിലെയും അപൂര്‍വ്വ ഫ്രെയിം പങ്കിടുകയാണ് ജീത്തു ജോസഫ്.
Jeethu Joseph, Mohanlal, 'Drishyam' Table Triology
Drishyam Table trilogy (Image Source: Instagram)

മലയാള സിനിമയില്‍ വ്യത്യസ്തമായ ത്രില്ലര്‍ അനുഭവം നല്‍കിയ സസ്പെന്‍സ് ഫാമിലി ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം എല്ലാ പ്രേക്ഷകരും കാത്തിരുന്നതാണ്. രണ്ടാമത്തെ ഭാഗവും സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായി മാറി. അന്നു മുതല്‍ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിപ്പു തുടങ്ങി.
ദൃശ്യം 3 വരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞതു മുതല്‍ അതിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങി. എന്താണ് ഇനി ജോർജ് കുട്ടിയ്ക്കും കുംടുംബത്തിനും സംഭവിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുയാണ് മലയാളികൾ. ഇക്കഴിഞ്ഞ ദിവസമാണ് ദൃശ്യം 3 ന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.
ഇപ്പോഴിതാ ചിത്രീകരണത്തിനിടെ സിനിമയിൽ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ജോർജുകുട്ടിയുടെ കുടുംബത്തിന്റെ മൂന്ന് സിനിമകളിലെയും ഒരേ ഫ്രെയിമുകൾ ഒന്നിച്ചാക്കിയാണ് ജീത്തു പങ്കുവച്ചത്. ദൃശ്യം’ സിനിമയുടെ 12 വർഷത്തെ യാത്രയാണ് ജീത്തു തന്റെ ചിത്രത്തിലൂടെ ലളിതമായി പറഞ്ഞത്. ‘‘ദൃശ്യം ടേബിൾ ട്രൈലോജി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ‘ദൃശ്യം 1 ’, ‘ദൃശ്യം 2 ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 എന്നിവയിലെ ഡൈനിങ് ടേബിൾ സീനുകളാണ് ജീത്തു കോർത്തിണക്കി പോസ്റ്റ് ചെയ്തത്.
മോഹൻലാൽ അവതരിപ്പിച്ച നായകൻ ജോർജുകുട്ടിയും ഭാര്യ റാണി, മക്കളായ അഞ്ജു, അനു എന്നിവരും ഡൈനിങ് ടേബിളിനു ചുറ്റുമിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ്പ ജീത്തു പങ്കുവെച്ചിരിക്കുന്നത്.
ഓരോ ഫ്രെയ്മിലും കുടുംബത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. കുട്ടികള്‍ വലുതാവുകയും കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം മാറുകയും ചെയ്തിട്ടുണ്ട്. ആദ്യ സിനിമയില്‍ ചെറിയ കുട്ടികളായിരുന്ന അഞ്ജുവും അനുവും, രണ്ടാമത്തെ സിനിമയില്‍ കൗമാരക്കാരായും, ‘ദൃശ്യം 3’ൽ കൂടുതൽ വളർന്നതായും ചിത്രങ്ങളിൽ കാണാം. അറിയാതെ ചെയ്തു പോയ ഒരു കൊലപാതകത്തിന്റെ പേരില്‍ അതിലൂടെ വരാനിരിക്കുന്ന ഭവിഷ്യത്തുകളുടെ പേരില്‍ ഭയത്തിന്റെയും സമ്മർദ്ദത്തിന്റെയും ഇടയിൽ ജീവിതം നയിച്ച ജോർജുകുട്ടിയുടെ കുടുംബത്തെ ഈ ചിത്രങ്ങളില്‍ കാണാം. അവരുടെ കുടുംബത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ കൃത്യമായി വിളിച്ചോതുന്ന ഈ ഡൈനിംഗ് റൂമും, അവരുടെ മുഖഭാവങ്ങളും ആ കുടുംബത്തിന്റെ ദീർഘകാല അതിജീവനത്തിന്റെ കഥ കൂടിയാണ് പറയുന്നത്.
ജീത്തു പങ്കിട്ട ഈ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും നിരവധി കമന്റുകളും നേടുന്നുണ്ട്. ‘കട്ട വെയിറ്റിംഗ്, നിരാശപ്പെടുത്തരുതേ, ഓരോ ഫ്രെയിമിലും വ്യത്യാസങ്ങളുണ്ട്, ജോര്‍ജ്ജുകുട്ടിക്കും കുടുംബത്തിനും ഇനിയെന്ത് സംഭവിക്കും, ഇത്രയും കാത്തിരുന്ന സിനിമ അടുത്ത കാലത്തുണ്ടായിട്ടില്ല...’ എന്നതടക്കമാണ് കമന്റുകള്‍.

Jeethu Joseph, Mohanlal, 'Drishyam' Table Triology
Drishyam Table trilogy by Jeethu Joseph (Image Source: Instagram)

ആദ്യഭാഗത്തു മാത്രം വന്നു പോകുന്ന വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരന്റെ അവിചാരിത കൊലപാതകത്തെ തുടർന്ന്, നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടി, പോലീസിന്റെ പിടിയില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി ബുദ്ധിപരമായി നടത്തിയ നീക്കങ്ങളും കള്ളത്തെളിവുണ്ടാക്കലുമൊക്കെയായിരുന്നു ഒന്നാം ഭാഗത്തിന്റെ ഇതിവൃത്തം. നിയമത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കുടുംബം അനുഭവിച്ച മാനസികാഘാതമാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് അടുപ്പിച്ചത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയിലും ഒരു കുടുംബത്തിന്റെ കഥ കൂടി ഉള്‍ക്കൊള്ളിച്ചതാണ് ഇന്നും ദൃശ്യത്തെ മറ്റുള്ള സസ്പെന്‍സ് ത്രില്ലറുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
മലയാളത്തിലെ ഐക്കോണിക് ഫ്രാഞ്ചൈസിയാണ് ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലര്‍ കൂടിയാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ കടന്നു വന്നതാണെങ്കിലും ദൃശ്യം നേടിയ വിജയം സമാനതകളില്ലാത്തതാണ്. കേരളത്തിന്റെ അതിര്‍ത്തിയും കടന്ന് ചിത്രം വന്‍ വിജയമായി. പിന്നീട് ദൃശ്യത്തിന് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം റീമേക്കുകളുണ്ടായി. രാജ്യത്തിന്റെ അതിര്‍ത്തിയും കടന്ന് ശ്രീലങ്കയിലും ചൈനയിലും വരെ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു.

Ads by Google
Ads by Google
TRENDING NOW