-->
തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് യുടെ റാലിയും അതിനെത്തുടര്‍ന്നുണ്ടായ ദുരന്തവും നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ കരൂരിലാണ് ടിവികെ പാർട്ടി അധ്യക്ഷൻ വിജയ് യുടെ റാലി നടന്നത്. വളരെ സന്തോഷത്തോടെ തുടങ്ങിയ റാലി, പിന്നീട് തിക്കിലും തിരക്കിലും പെട്ട് 38 ലധികം പേർ മരിക്കുകയും തൊണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഒരു ദുരന്തമായി മാറി.
അപകടത്തിനു പിന്നാലെ റാലിയില്‍ പങ്കെടുത്തവര്‍ പോലും വിജയ്‌ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങി. ഈ അപകടത്തില്‍ വിജയ് യുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും പറഞ്ഞ സമയത്തിലും വെെകിയാണ് വിജയ് റാലിക്കെത്തിയതാണ് സാഹചര്യം കൂടുതല്‍ മോശമാക്കിയതെന്നും വാദങ്ങളുണ്ട്. വിജയ് മാധ്യമങ്ങളോട് പ്രതികരിക്കുക പോലും ചെയ്യാതെ സംഭവ സ്ഥലത്ത് നിന്നും ചെന്നെെയിലേക്ക് മടങ്ങിയതും വലിയ വിമർശനങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പര്‍താരവുമായ വിജയ്ക്ക് പിന്തുണ കുറിക്കുകയാണ് മലയാള ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ‘‘ഹീ വില്‍ റൈസ്...’’ എന്ന ക്യാപ്ഷന്‍ നല്‍കി വിജയ് യുടെ ഒരു ചിത്രവും പങ്കിട്ടാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്. ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ അനുകൂല കമന്റുകള്‍ കുറിക്കുന്നുണ്ടെങ്കിലും എതിര്‍ത്തുള്ള കമന്റുകളും കുറവല്ല. വിജയ് ഉയര്‍ത്തെഴുന്നേറ്റാലും മരിച്ചവര്‍ തിരികെ വരില്ലെന്നും നഷ്ടം കുടുംബങ്ങള്‍ക്ക് മാത്രമാണ്, ഇങ്ങനെ ഒരു കാപ്ഷനിടാന്‍ വിജയ് അല്ല ആശുപത്രിയിലെന്നും’ കമന്റുകളുണ്ട്.
സംഭവം നടന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് മാത്രമാണ് വിജയ് പങ്കുവെച്ചത് എന്നുള്ളതും ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. വിജയ് യുടെ രാഷ്ട്രീയ ഭാവിയില്‍ വലിയ തിരിച്ചടിയായിരിക്കും ഈ ദുരന്തമെന്നത് ഉറപ്പാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 38 ജീവനുകളാണ് പൊലിഞ്ഞത്. എത്രയൊക്കെ ശ്രമിച്ചാലും ജനങ്ങളുടെ മനസില്‍ നിന്നും അടുത്ത കാലത്തൊന്നും ഈ മുറിവ് ഉണങ്ങില്ല. ദുരന്തം നടന്ന സ്ഥലത്തേക്ക് വിജയുടെ അനുയായികള്‍ എത്തിയില്ലെന്ന വിമർശനവും വരുന്നുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളില്‍ വിജയ് പരിഭ്രാന്തിയിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
രാഷ്ട്രീയത്തിലെ വിജയ് യുടെ വളർച്ച ഭാവിയില്‍ വെല്ലുവിളിയാകുമെന്നതു കൊണ്ട് എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ ശക്തികള്‍ ഈ മുറിവ് ഉണക്കാനും അനുവദിക്കില്ല.
വിജയ് യുടെ വർഷങ്ങളായുള്ള സ്വപ്നമാണ് രാഷ്ട്രീയം. ഏറെക്കാലമായി ഇതിന് വേണ്ടി വിജയ് യും അണികളും ഏറെ അധ്വാനിക്കുന്നുണ്ട്. ഇതിനായി കോടികള്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ ഭാവിക്ക് വേണ്ടി സിനിമാ രംഗം വിടാനും വിജയ് തീരുമാനിച്ചതാണ്. അണിയറയില്‍ ഒരുങ്ങുന്ന ജനനായകൻ വിജയുടെ അവസാന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമ റിലീസ് ചെയ്യാന്‍ ഇനി മൂന്ന് മാസം മാത്രമേയുള്ളൂ.
അപകടം നടന്നപ്പോള്‍ വിജയ് സ്ഥലത്ത് നിന്ന് മാറിയതാണ് പലരെയും വിഷമിപ്പിച്ചത്. എന്നാല്‍ സാഹചര്യം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ പോലീസിന്റെ ആവശ്യപ്രകാരമാണ് താരം മടങ്ങിയതെന്ന വാദവുമുണ്ട്. വിജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടി ഒവിയയും രംഗത്തുവന്നിരുന്നു. നടനും ബിജെപി നേതാവുമായ ശരത് കുമാറും വിജയ് യെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയ് യുടെ രാഷ്ട്രീയ പരിപാടികള്‍ക്ക് ജനസാഗരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ജനക്കൂട്ടമെല്ലാം തന്റെ അണികളാണെന്ന് വിജയ് തെറ്റിദ്ധരിക്കുന്നു എന്ന് ഖുശ്ബു, ശരത്കുമാർ, അംബിക തുടങ്ങിയ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു.
കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. റോഡിനോടുചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു. 95 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇതില്‍ 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് ടിവികെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാമ്പത്തികസഹായവും താരം പ്രഖ്യാപിച്ചു. കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക സഹായം.
അടുത്ത വർഷം ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനമാണ് വിജയ് ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണെങ്കിലും ജനങ്ങള്‍ തന്നെ സ്വീകരിക്കുമെന്നും തനിക്ക് മുഖ്യമന്ത്രിയാകാനും സാധിക്കുമെന്ന പ്രതീക്ഷ വിജയ്ക്കുണ്ടായിരുന്നു. എന്നാല്‍ കരൂർ ദുരന്തം ഈ പ്രതീക്ഷയ്ക്കേറ്റ കനത്ത അടിയാണ്. ഇനി വിജയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഓരോ നീക്കങ്ങള്‍ക്കും തിരിച്ചടിയായി ഇത് മാറും.