-->
കുട്ടികളുടെ നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും കുസൃതികളുമൊക്കെ വളരെപ്പെട്ടെന്നാണ് ലൈക്കുകളും കമന്റുകളും ലഭിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചില ചോദ്യങ്ങള്‍ക്ക് അപ്രതീക്ഷിതമായി യാതൊരു ആലോചനയുമില്ലാതെ ക്യൂട്ടായി പറയുന്ന മറുപടികള്‍ കേട്ടിരിക്കുന്ന ആരിലും ചിരി പടര്‍ത്തും. പണ്ട് മുതിര്‍ന്നവര്‍ പറഞ്ഞിരുന്ന ചില പഴഞ്ചൊല്ലുകളും കേട്ടറിവുകളും ഇന്നത്തെ ന്യൂ ജെന്‍ കിഡ്സിനോട് പങ്കിടുമ്പോള്‍, അതിനു മറുപടിയായി അവര്‍ പറയുന്ന തഗ്ഗ് മറുപടികള്‍ കണ്ണുതള്ളി അമ്പരന്നു മാത്രമേ കേട്ടിരിക്കാനാവൂ.
അത്തരത്തിലൊരു പറച്ചിലാണ്, ‘തേങ്ങ കഴിച്ചാല്‍ കല്യാണത്തിന് മഴ പെയ്യുമെന്നത്’. ഇന്നത്തെ കുട്ടികളോട് അത് പറഞ്ഞാല്‍ എന്താകും മറുപടി. 90സ് കിഡ്സ് മിണ്ടാതിരുന്ന് അനുസരിച്ചത്, ന്യൂജനറേഷൻ പിള്ളേരോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, ഈ നമ്പരൊന്നും അവരുടെ അടുത്ത് വിലപ്പോകില്ല.
ഇപ്പോഴിതാ ഇക്കാര്യം പറയുന്ന ഒരു അമ്മയോട് കൊച്ചുമിടുക്കി പറയുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറുമ്പത്തി പറയുന്ന മാസ് മറുപടി കേട്ട് അമ്മ പോലും അമ്പരന്നു പോകുന്നുണ്ട്. നാലുവയസുകാരിയായ തക്ഷ്വി അഖിലാണ് അമ്മയ്ക്ക് മാസ് മറുപടി നല്‍കുന്നത്. ആരും കാണാതെ തേങ്ങ കഴിക്കുകയായിരുന്നു കുട്ടിക്കുറുമ്പി. ഇതുകണ്ടുവന്ന അമ്മ ‘അത് ചോറല്ല, തേങ്ങയാണ്, കഴിക്കാൻ പാടില്ല’ എന്ന് കുട്ടിയോട് പറഞ്ഞു. ‘അതെന്താ’ എന്നായിരുന്നു ആദ്യ ചോദ്യം. ‘തേങ്ങ കഴിച്ചാല്‍ കല്യാണത്തിന് മഴ പെയ്യു’മെന്നായി അമ്മ.
ഇതിന് കൊച്ചുമിടുക്കി പറഞ്ഞ മറുപടി ആ അമ്മ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു. ‘‘അതിന് ഞാൻ കല്യാണം കഴിക്കുന്നില്ല...’’എന്ന് പറഞ്ഞ് വീണ്ടും തേങ്ങ കഴിക്കുന്നതില്‍ കുറുമ്പത്തി മുഴുകി. ഒരു ഞെട്ടലോടെ അമ്മ വീണ്ടും ചോദിച്ചു, ‘ങേ, കല്യാണം കഴിക്കുന്നില്ലേ’ എന്ന്. ‘‘ഞാൻ കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു...’’ എന്നാണ് ചിരിയോടെ കൊച്ചുമിടുക്കി നല്‍കിയ മറുപടി.
വീഡിയോ വളരെവേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ‘ലെ കുഞ്ഞു: തത്കാലം ഞാന്‍ കല്യാണം കഴിക്കുന്നില്ല .... തേങ്ങ കഴിക്കാം, തേങ്ങ എന്തായാലും നമ്മള്, തിന്നും, അമ്മേ, നാൻ ഒളിച്ചോടിക്കൊളാം, വിവാഹത്തേക്കാൾ നല്ലത് തേങ്ങയാണ്. അവൾ അത് വളരെ നേരത്തെ തന്നെ മനസ്സിലാക്കി...’ എന്നതടക്കമാണ് കമന്റുകള്‍.