-->
ആകാശത്ത് ചരിത്രംകുറിച്ച് മലേഷ്യന്‍ എയര്‍ലൈന്‍സ്. കോക്പിറ്റ് മുതല്‍ ക്യാബിന്‍ വരെ പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി തങ്ങളുടെ ആദ്യ വിമാന സര്‍വീസ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്. ക്വാലാലംപുരില്‍നിന്ന് കോട്ട കിനബലുവിലേക്ക് പറന്നുയര്‍ന്ന MH2610 വിമാനത്തിലാണ് ജീവനക്കാരായി പൂര്‍ണമായും വനിതാ സംഘത്തെ ഉള്‍പ്പെടുത്തിയത്. പൈലറ്റുമാര്‍, സഹപൈലറ്റുമാര്‍, ക്യാബിന്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ചെക്ക്ഇന്‍ കൗണ്ടറുകള്‍ മുതല്‍ സുരക്ഷ, മെയിന്റനന്‍സ്, പൈലറ്റുമാര്‍, ക്യാബിന്‍ ജീവനക്കാര്‍ വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകള്‍ക്കായിരുന്നു ചുമതല.
'ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ '25 by 2025' എന്ന ലക്ഷ്യം മറികടന്ന്, മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിന്റെ തൊഴില്‍ ശക്തിയുടെ 36 ശതമാനവും ഇപ്പോള്‍ സ്ത്രീകളാണ്. ഈ നാഴികക്കല്ല് പുരോഗതിയെ മാത്രമല്ല, ആകാശത്തിന് അതിരുകളില്ല എന്ന ശക്തമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്,' എന്നാണ് ഈ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് മലേഷ്യന്‍ എയര്‍ലൈന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ 8,200 മണിക്കൂറിലധികം പ്രവര്‍ത്തിപരിചയമുള്ള ക്യാപ്റ്റന്‍ നൂര്‍സസ്‌റീന ബിന്‍തി സുല്‍ക്കിഫ്‌ലിയും അടുത്തിടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച യുവ പൈലറ്റായ സെക്കന്‍ഡ് ഓഫീസര്‍ സിതി നൂര്‍ ശ്യാമിറ ബിന്‍തി ബഹാറുദ്ദീനും ചേര്‍ന്നാണ് ബോയിങ് 737800 വിമാനം പറത്തിയത്.