-->
തനിക്ക് വിശക്കുന്നു എന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ അഞ്ച് വയസ്സുകാരന് വയറു നിറയെ പിസയുമായെത്തി പോലീസുകാര്‍. അങ്ങ് യുഎസിലെ ഫ്‌ലോറിഡയിലാണ് സംഭവം. അഞ്ച് വയസ്സുള്ള മാനുവല്‍ ബെഷാര വീട്ടിലുണ്ടായിരുന്ന ഫോണ്‍ എടുത്ത് ഡിസ്പാച്ചറോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ഒരു പിസ്സ വേണമെന്നും പറഞ്ഞു. കുട്ടി വിളിച്ചത് പോലീസിനെ അടിയന്തരമായി വിളിക്കാനുള്ള 911 എന്ന നമ്പറിലേക്ക് ആയിരുന്നു. ആരാടെ പോലീസിനെ വിളിച്ച് കളിയാക്കുന്നതെന്ന് ആ പോലീസുകാര്‍ ചോദിച്ചില്ല. പകരം അവന്റെ ആവശ്യം അറിഞ്ഞ് അവര്‍ പ്രവര്‍ത്തിച്ചു.
ഫോണ്‍ കോളിന് പിന്നാലെ വെറും പത്ത് മിനിറ്റിനുള്ളില്‍ മാനുവല്‍ ബെഷാരയുടെ വീട് മുന്നില്‍ പോലീസ് വാഹനം വന്ന് നിന്നു. അതില്‍ നിന്നും മൂന്ന് പോലീസുകാര്‍ ഒരു പിസയുമായി ഇറങ്ങി. അവര്‍ മാനുവലിന് നേരിട്ട് പിസ സമ്മാനിച്ച് അവനൊപ്പം ഒരു ഫോട്ടോയും പകര്‍ത്തി. ഈ ചിത്രം പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് മറ്റുള്ളവര്‍ സംഭവം അറിയുന്നത്.
വിശക്കുന്നുവെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ ക്ഷേമം അന്വേഷിക്കാനാണ് മൂന്ന് പോലീസുകാരെ അയച്ചതെന്ന് സാന്‍ഫോര്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേസ്ബുക്കില്‍ അറിയിച്ചു. മാനുവല്‍ ഒറ്റയ്ക്കാണെന്നും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെന്നും തങ്ങള്‍ സംശയിച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍, കുട്ടി 15 വയസ്സുള്ള സഹോദരിയോടൊപ്പം വീട്ടില്‍ സുഖമായിരിക്കുന്നതായി കണ്ടെത്തി. തന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയെടുത്താണ് മാനുവല്‍ ഫോണ്‍ ചെയ്തതെന്ന് സഹോദരി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് 911 ലേക്ക് എപ്പോഴൊക്കെ വിളിക്കാമെന്ന് പോലീസ് ഇരുവര്‍ക്കും വ്യക്തമായി പറഞ്ഞ് കൊടുത്തു. അതിന് ശേഷമാണ് പോലീസ് കുട്ടിക്ക് പിസ എത്തിച്ച് നല്‍കിയതെന്നും കുറിപ്പില്‍ പറയുന്നു.