-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ മഴയത്ത് അമിത വേഗതയിലെത്തിയ ഒരു ലംബോര്‍ഗിനി കാര്‍ തെന്നിമാറി പാലത്തിന്റെ ഡിവൈഡറില്‍ ഇടിച്ച് വട്ടം കറങ്ങുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. അപകടത്തില്‍ ആഡംബര സ്‌പോര്‍ട്‌സ് കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗൗതം സിംഘാനിയയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റൊരു ദിവസം, മറ്റൊരു ലംബോര്‍ഗിനി അപകടം. ഇത്തവണ മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ ഇന്ന് രാവിലെ 9:15 ന്. അവരുടെ കാറുകള്‍ക്ക് തീ പിടിക്കുക മാത്രമല്ല, ഗ്രിപ്പും ഇല്ല. ഈ കാറുകള്‍ക്ക് എന്താണ് കുഴപ്പം? വീഡിയോ പങ്കുവച്ചു കൊണ്ട് ഗൗതം സിംഘാനിയ കുറിച്ചു.
അപകത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് നെപിയന്‍ സീ റോഡ് സ്വദേശിയായ 52കാരനായ അതിഷ് ഷാ ആണെന്ന് തിരിച്ചറിഞ്ഞെന്ന് വോര്‍ലി പോലീസ് പറയുന്നു. കൊളാബയിലേക്ക് പോകുന്ന വഴി കാര്‍ പെട്ടെന്ന് തെന്നിമാറി ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്.