-->
വന്യമൃഗങ്ങളുടെ വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത്. അക്കൂട്ടത്തില്‍ തന്നെ ആനകളുടെ വീഡിയോകള്‍ക്കാണ് കൂടുതല്‍ റീച്ച് കിട്ടാറുള്ളത്. കാട്ടാനകളുടെ ആക്രമണങ്ങളും കുസൃതികളും ഭക്ഷണം കഴിക്കലുമൊക്കെ സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുണ്ട്. ആനകളുടെ വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
ഇപ്പോഴിതാ വലിയ മതിലില്‍ മറ്റ് ആനകളെ വരച്ചിരിക്കുന്നത് കണ്ട് ഒരു ആന ഞെട്ടുന്നതും പിന്നിലേക്ക് നടന്നു മാറുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുന്നത്. നീലഗിരി ജില്ലയിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ് യാത്രക്കാര്‍ പകര്‍ത്തിയത്.
റോഡ് മുറിച്ചു കടന്നെത്തുന്ന ആനയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആ സമയത്ത് ആന വളരെ ശാന്തമായിട്ടാണ് നടക്കുന്നത്. എന്നാല്‍ ഒരു വലിയ മതിലിനു മുന്നിലെത്തുന്ന ആന പെട്ടെന്ന് ഞെട്ടുന്നതും പിറകിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. രണ്ടു മൂന്നു ആനകളെയാണ് മതിലില്‍ വരച്ചു വച്ചിരിക്കുന്നത്. ആനയുടെ ചിത്രങ്ങള്‍ കാണുന്ന ആന ഞെട്ടി പിന്നിലേക്ക് മാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നിലേക്ക് മാറിയ ശേഷം പിറകോട്ടു നടന്നു നടന്നാണ് ആന പോകുന്നത്. മറ്റ് ആനകള്‍ നില്‍ക്കുന്നതാണെന്ന് കരുതിയാണ് ആന പിന്നിലേക്ക് നടക്കുന്നത്. അത്രയ്ക്കും മനോഹരമായിട്ടാണ് ചിത്രകാരന്‍ ആനയെ വരച്ചു വച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്. ‘കളഞ്ഞുപോയ ഫാമിലി ഫോട്ടോ കിട്ടിയ ആഹ്ലാദത്തിലാ പുള്ളി, വരച്ച ആൾക്ക് ഇതിൽപരം അവാർഡ് ഇനി കിട്ടാനില്ല.. ആന പോലും ഞെട്ടി ന്ന് പറഞ്ഞാ, ലെ ആന : നീ ഏതാടാ നിന്നെ ഇവിടൊന്നും മുൻപ് കണ്ടിട്ടില്ലല്ലോ, ലെ ആന ഇത് വരച്ച് എന്നെ പേടിപ്പിച്ചവനിരിക്കട്ടെ. എന്റെ വക ആന കൊമ്പ്...’ എന്നതടക്കമാണ് കമന്റുകള്‍.