-->
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുകൊണ്ടുള്ള നീക്കമാണെന്നുമുള്ള വിമര്‍ശനം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. കേസുകളും പോലീസിന്റെ ഒത്താശയോടെ ഭക്തര്‍ക്ക് നേരെ നടത്തിയ ക്രൂരകൃത്യങ്ങളുമെല്ലാം മറച്ചുവെച്ച് പിണറായി ഭക്തിയുടെ പരിവേഷത്തിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും പറഞ്ഞു.
കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും ചെയ്യാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ഇപ്പോള്‍ മാസ്റ്റര്‍പ്ലാനുമായി എത്തിയിരിക്കുകയാണെന്നും പറഞ്ഞു. ഇതെല്ലാം ഭക്തജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്നും എന്നാല്‍ പഴയതെല്ലാം വിശ്വാസികളെ ഓര്‍മ്മിപ്പിക്കാനേ ഇത് ഗുണകരമാകു എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
വര്‍ഗ്ഗീയവാദികള്‍ക്ക് സ്‌പേസ് ഉണ്ടാക്കാന്‍ ചെയ്യുന്ന നടപടിയാണ് ഇത്. അതിന് പവര്‍ കൊടുക്കാന്‍ സംഘടനകളെ കൂട്ടുപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇത്. എന്നിട്ട് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. ഭക്തരുടെ വിശ്വസം പിണറായിയെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ ശബരിമല പ്രതിഷേധത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടില്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള കപടനാടകമാണ് ആഗോള അയ്യപ്പസംഗമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതികരിച്ചു. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ശബരിമലയില്‍ നിന്നും കാണാതെ പോയ സ്വര്‍ണ്ണം കണ്ടുപിടിക്കുകയാണ് വേണ്ടത്. കാണിക്കയായി ഇടുന്ന സ്വര്‍ണ്ണം പോലും സൂക്ഷിക്കാന്‍ ഇവിടെ കഴിയുന്നില്ലെന്നും പറഞ്ഞു.