-->
താജ്മഹല്‍ കാണാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 1600കളില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യ മുംതാസ് മഹലിന് വേണ്ടി നിര്‍മ്മിച്ചതാണ് താജ്മഹല്‍. ആഗ്രയിലെ യമുന നദിയുടെ തീരത്താണ് താജ് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ താജ്മഹല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യേക ശ്രദ്ധ നേടി. രാജ ഗുജ്ജര്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ശരീരം മുഴുവനും ധാരാളം സ്വര്‍ണ്ണം ധരിച്ച് വ്‌ലോഗുകള്‍ ചെയ്യുന്നതില്‍ പ്രശസ്തമായ രാജീവ് ഭാട്ടിയെന്ന ആളുടെ ഇന്‍സ്റ്റാഗ്രാം പേജായിരുന്നു അത്.
വൈറലാകുന്ന വീഡിയോയയില്‍ ആഗ്രാ നദിയോട് ചേര്‍ന്ന താജ്മഹലിന്റെ ഭാഗത്തായി അദ്ദേഹം നില്‍ക്കുന്നത് കാണാം. അദ്ദേഹം അവിടെ ഇരുമ്പ് ഗ്രില്ല് ഇട്ട് അടച്ച് പൂട്ടിയ ഒരു പ്രദേശം കാണിക്കുന്നു. അവിടെ നാണയത്തുട്ടുകളാണെന്ന് ചൂണ്ടിക്കാണിക്കുന്ന അദ്ദേഹം ദയവായി ഇവിടെ നാണയങ്ങള്‍ എറിയരുതെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ഒരു ആവശ്യം അവിടെ എഴുതി വച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്നവരില്‍ പലരും ഇപ്പോഴും അവിടെ നാണയത്തുട്ടുകള്‍ എറിയുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
യഥാര്‍ത്ഥ്യത്തില്‍ ആ ഗ്രില്ലിട്ട് മറച്ചിരിക്കുന്ന ഭാഗം ഒരു ഭൂഗര്‍ഭ അറയിലേക്കുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താഴേയ്ക്കുള്ള ഇടനാഴിയും താജ്മഹലിന്റെ ഭാഗമാണെങ്കിലും പൊതുജനങ്ങള്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇടയ്ക്കിടെ അവ തുറക്കുന്നത്, പ്രധാനമായും നാണയങ്ങള്‍ നീക്കം ചെയ്യുന്നതിനാണ്. എന്നാല്‍ ആ തുരങ്കം നിര്‍മ്മിക്കപ്പെട്ടത് മറ്റൊരു ആവശ്യത്തിന് വേണ്ടിയാണ്. ശത്രുക്കളുടെ ആക്രമണം ഉണ്ടായാല്‍ രാജാവിന് രക്ഷപ്പെടുന്നതിനായി യമുനയിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാണ് ആ തുരങ്കം നിര്‍മ്മിക്കപ്പെട്ടത്. അല്ലാതെ എത്തിച്ചേരുന്നവര്‍ക്കെല്ലാം പണം എറിയാനല്ലെന്നും രാജീവ് ഭാട്ടി ചൂണ്ടിക്കാട്ടുന്നു. ഈ തുരങ്കം വഴി പോയാല്‍ ചെങ്കോട്ടയില്‍ തന്റ സൈന്യത്തിന് അടുത്തേക്ക് രാജാവിന് എത്തിച്ചേരാമെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നു.