Friday, March 13, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 12.04 PM

സുപ്രധാന കേന്ദ്രങ്ങളെ ശത്രുവിന്റെ കണ്ണില്‍നിന്നു മറയ്ക്കാനും ഇന്ത്യന്‍ സൈന്യത്തിനാകും ; 1971 ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ പാകിസ്താനില്‍ നിന്നു മറച്ചത് താജ്മഹല്‍!

uploads/news/2025/05/779915/tajmahal.jpg

സംഭവത്തെക്കുറിച്ചു മുതിര്‍ന്ന പ്രതിരോധ വിദഗ്ധര്‍ അനുസ്മരിക്കുന്നത് ഇങ്ങനെ: 1971 ലെ യുദ്ധസമയത്ത്, പാകിസ്താന്‍ വ്യോമസേന ആഗ്രയില്‍ വ്യോമാക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട് ഇന്ത്യക്ക് ലഭിച്ചു. താജ്മഹലും പാക് ലക്ഷ്യത്തിലുണ്ടായിരുന്നു. അതിവേഗമായിരുന്നു ഇന്ത്യയുടെ നീക്കം. സിവില്‍ ഡിഫന്‍സ് തയാറെടുപ്പുകള്‍ പെട്ടെന്നായിരുന്നു. സൈന്യത്തെ തയാറാക്കുക മാത്രമല്ല, വ്യോമാക്രമണങ്ങള്‍ക്കും ബ്ലാക്ഔട്ടുകള്‍ക്കും സാധാരണക്കാരെ പരിശീലിപ്പിക്കുകയും ചെയ്തു. പാകിസ്താന്‍ ബോംബുകളില്‍നിന്ന് താജ്മഹലിനെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഉന്നതതല തയാറെടുപ്പുകളില്‍ ഒന്ന്. രാത്രിയില്‍ പാകിസ്താന്‍ ബോംബറുകള്‍ താജ്മഹലിന് വളരെ അടുത്തുകൂടി പറന്നു

1971 ഡിസംബര്‍ 3 ന് പാകിസ്താന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് യുദ്ധം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ടത്. ഓപ്പറേഷന്‍ 'ചെംഗിസ് ഖാന്‍' എന്നറിയപ്പെടുന്ന ആക്രമണം പടിഞ്ഞാറന്‍ മുന്നണിയിലെ ഒരു ഡസനിലധികം ഇന്ത്യന്‍ വ്യോമസേന സ്‌റ്റേഷനുകള്‍ ലക്ഷ്യമിട്ടായിരുന്നു.

താജ്മഹലില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ആഗ്രയിലെ ഖേരിയ വ്യോമത്താവളമായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. രണ്ട് പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ റണ്‍വേയില്‍ ബോംബിട്ട് ചെറിയ നാശനഷ്ടങ്ങള്‍ വരുത്തി. ഇതോടെ ഇന്ത്യയിലെ അമൂല്യമായ സാംസ്‌കാരിക നാഴികക്കല്ലുകളുടെ സുരക്ഷ ആശങ്കയിലായി. താജ്മഹല്‍ പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ ശത്രു വിമാനങ്ങള്‍ക്ക് നാവിഗേഷന്‍ മാര്‍ക്കറുകളായി ഉപയോഗിക്കാമെന്ന് ഇന്ത്യ വേഗത്തില്‍ തിരിച്ചറിഞ്ഞു. താജ്മഹല്‍ ആക്രമിക്കപ്പെട്ടാല്‍ ജനങ്ങളുടെ മനോവീര്യം തകരുകയും ചെയ്യും.

ഇന്ത്യയുടെ പ്രതികരണം വേഗത്തിലും തന്ത്രപരമായും ആയിരുന്നു. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ താജ്മഹല്‍ ആകാശത്ത് നിന്ന് മറയ്ക്കാനുള്ള ദൗത്യം ആരംഭിച്ചു. അടുത്തുള്ള യമുനാ നദിയിലെ സസ്യജാലങ്ങളുമായി ഇഴുകിച്ചേരാന്‍ പച്ച നിറത്തില്‍ ചായം പൂശിയ കൂറ്റന്‍ ടാര്‍പോളിനുകള്‍ വെളുത്ത മാര്‍ബിള്‍ താഴികക്കുടത്തിനും മിനാരങ്ങള്‍ക്കും മുകളില്‍ പൊതിഞ്ഞു. 8,400 കിലോഗ്രാം ടാര്‍പ്പോളിനാണ് ആ മറയ്ക്കല്‍ ദൗത്യത്തിന് ഉപയോഗിച്ചത്. മാര്‍ബിള്‍ തറയിലുടനീളം മണല്‍ വിരിച്ച് അതിന്റെ സ്വാഭാവിക തിളക്കം കുറച്ചു. എല്ലാ വൈകുന്നേരവും ലൈറ്റുകള്‍ അണയ്ക്കുകയും വിനോദസഞ്ചാരികളെ വിലക്കുകയും ചെയ്തു. ഈ ഒളിച്ചുകളി രണ്ടാഴ്ചയിലേറെ നീണ്ടുനിന്നു- യുദ്ധസമയത്ത് ആവര്‍ത്തിച്ചുള്ള ഏതൊരു വ്യോമാക്രമണത്തെയും തടയാന്‍ പര്യാപ്തമായിരുന്നു.

താജ്മഹല്‍ മറയ്ക്കുന്നതിനൊപ്പം യുദ്ധ സാധ്യതയുള്ള സാഹചര്യത്തെ അതിജീവിക്കാന്‍ സാധാരണക്കാര്‍ക്ക് പരിശീലനവും ലഭിച്ചു.
ശത്രു പൈലറ്റുമാര്‍ വെളിച്ചമുള്ള വീടുകള്‍ കാണുന്നത് തടയാന്‍ രാത്രിയില്‍ ലൈറ്റുകള്‍ അണയ്ക്കാനും ജനല്‍പാളികള്‍ മറയ്ക്കാന്‍ പേപ്പര്‍ ഉപയോഗിക്കാനും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌കൂളുകളില്‍ എയര്‍ റെയ്ഡ് റിഹേഴ്‌സല്‍ നടത്തി. സൈറണ്‍ ശബ്ദം കേട്ട് ബെഞ്ചുകള്‍ക്ക് കീഴില്‍ ഒളിച്ചിരിക്കാനോ അഭയകേന്ദ്രങ്ങളിലേക്ക് ഓടാനോ കുട്ടികളെ പഠിപ്പിച്ചു. ഓഫീസുകള്‍ നേരത്തെ അടച്ചു, അതിര്‍ത്തി പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തോടെ ജീവിതം നിലച്ചു.
ദുംകയില്‍ (ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍) കൗമാരക്കാരനായിരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മധുരേന്ദ്ര പ്രസാദ് സിന്‍ഹ പതിവായി അഭ്യാസങ്ങള്‍ പരിശീലിക്കുന്നത് ഓര്‍ക്കുന്നു. 'പരിഭ്രാന്തി ഉണ്ടായിരുന്നില്ല,' അദ്ദേഹം ഒരു പറഞ്ഞു, 'പക്ഷേ ഞങ്ങള്‍ ജാഗ്രത പുലര്‍ത്തി. സൈറണ്‍ മുഴങ്ങിയ ഉടന്‍ ഞങ്ങള്‍ ലൈറ്റുകള്‍ അടയ്ക്കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുകയും ചെയ്തു'.

അക്കാലത്തെ മോക്ക് റെയ്ഡിനിടെ പുറത്തു നിന്ന് പിടിക്കപ്പെട്ടാല്‍ നിലത്ത് കിടക്കാനും ചെവി മൂടാനും പൗരന്മാരോട് പറഞ്ഞതായി വിരമിച്ച ഉദ്യോഗസ്ഥന്‍ ആര്‍.കെ. ശര്‍മ്മ പറഞ്ഞു. നിയമങ്ങള്‍ കര്‍ശനമായിരുന്നു, ആളുകള്‍ അവ ഗൗരവമായി എടുത്തു.

താജ്മഹല്‍ പല തവണ മറയ്ക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകയുദ്ധസമയത്ത്, ജര്‍മ്മന്‍/ജാപ്പനീസ് ബോംബര്‍ വിമാനങ്ങളില്‍നിന്നാണു ഭീഷണി ഉയര്‍ന്നത്. അതു മറികടക്കാന്‍ 1942 ല്‍ താഴികക്കുടത്തിനു ചുറ്റും മുളകൊണ്ട് കെട്ടി. ആശയം ലളിതമായിരുന്നു, ആകാശത്തുനിന്നു നോക്കിയാല്‍, താജ്മഹല്‍ നിര്‍മാണ സാമഗ്രികളുടെ ഒരു ശേഖരം പോലെ കാണപ്പെടണം. തിളങ്ങുന്ന മാര്‍ബിള്‍ മന്ദിരം അപ്രത്യക്ഷമാകണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW